നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് – നീര്‍ത്തടാധിഷ്ഠിത പദ്ധതിയോടനുബന്ധിച്ച് തിരുമാറാടി ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പ്രധാന ജല സ്രോതസായ ഉഴവൂർ തോടിന്റെ പുത്തൻചിറ പാടശേഖരത്തിലെ കൈവഴിയിലൂടെ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാ മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു.
മണ്ണ്, ജല സംരക്ഷണത്തിനൊപ്പം ജൈവസമ്പത്ത് വർദ്ധിപ്പിച്ച് കാർഷികാഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തോടിന്റെ നീരൊഴുക്ക് സാധ്യമാക്കുന്ന പ്രവർത്തനം, മലിനീകരണം തടയൽ, പ്രദേശത്തെ വീടുകളിലെ കിണർ റീച്ചാർജിംഗ്, മാലിന്യ സംസ്കരണം, ജലസ്രോതസുകൾ പുനരുജ്ജീവിപ്പിക്കൽ തുടങ്ങിയവയും ഇതിലൂടെ യാഥാർത്ഥ്യമാകും.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാമോൾ പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ സി.വി ജോയ്, ആലീസ് ബിനു, കെ.കെ രാജ്കുമാർ, എൽസമ്മ സക്കറിയ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ എം.കെ സുമ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സാബുരാജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രിയാ രഞ്ജൻ, തുടങ്ങിയവർ സംസാരിച്ചു.
കൊയ്ത്തു പാട്ടുകളുടെ അകമ്പടിയോടെ സംഘടിപ്പിച്ച നീർത്തട നടത്തത്തിന് വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. കർഷകർ, പാടശേഖര സമിതി ഭാരവാഹികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.