മഴക്കാലത്തിനു മുൻപായി എറണാകുളം ജില്ലയിൽ നിലവിൽ ഏറ്റെടുത്തിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ്. കാക്കനാട് കളക്ടറേറ്റിൽ ചേർന്ന ജില്ലാ ഇൻഫ്രാസ്ട്രക്ച്ചർ കോ-ഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.
പദ്ധതികളിലെ കാലതാമസം ഒഴിവാക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് തുടർ നടപടികൾ ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി.
വിവിധ പദ്ധതികൾക്കായുള്ള സ്ഥലം ഏറ്റെടുപ്പ്, പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള പ്രതിസന്ധികൾ എന്നിവ യോഗം വിശദമായി ചർച്ച ചെയ്തു. പൊതുമരാമത്ത് വിഭാഗങ്ങളുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണം, ദേശീയപാത വികസനം, വിവിധ കിഫ്‌ബി പദ്ധതികൾ, പാലങ്ങളുടെ നിർമ്മാണം, കെട്ടിടങ്ങളുടെ നിർമ്മാണം തുടങ്ങിയ വിവിധ മേഖലയിൽ ജില്ലയിൽ നടക്കുന്ന പ്രവൃത്തികളെ കുറിച്ച് യോഗം വിശകലനം ചെയ്തു.
ജില്ലാ വികസനകാര്യ കമ്മീഷ്ണർ ചേതൻ കുമാർ മീണ, ഡെപ്യൂട്ടി കളക്ടർ പി. ബി സുനിലാൽ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വപ്ന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.