രാജ്യത്തെ വിലക്കയറ്റത്തിന്റെ തോത് ഉയര്‍ന്ന നിലയില്‍ നില്ക്കുമ്പോള്‍ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പള്ളുരുത്തി മണ്ഡലം സര്‍വ്വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ബജറ്റ് സൗഹൃദ സ്മാര്‍ട്ട് മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വില വര്‍ധിച്ചിട്ടില്ല എന്നത് വലിയ കാര്യമാണ്. ജനകീയ ഹോട്ടലുകളും ഇത്തരത്തിലുള്ള ഇടപെടലാണ് സമൂഹത്തില്‍ നടത്തുന്നത്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണമെത്തിക്കുക എന്നതാണ് ജനകീയ ഹോട്ടലുകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
സഹകരണ മേഖലയിലെ ജനപക്ഷ ഇടപെടലുകളുടെ മികച്ച മാതൃകയാണ് പള്ളുരുത്തി മണ്ഡലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്മാര്‍ട്ട് മാര്‍ട്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ പല വിധത്തിലുളള ജനകീയ ഇടപെടലുകളാണ് സഹകരണ ബാങ്കുകളെ വ്യത്യസ്തരാക്കുന്നത്. ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതില്‍ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പള്ളുരുത്തി മണ്ഡലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി ശെല്‍വൻ അധ്യക്ഷത വഹിച്ചു. കെ.ജി മാക്സി എം.എള്‍.എ പ്രിവിലേജ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി കോര്‍പ്പറേഷൻ ഡെപ്യൂട്ടി മേയര്‍ കെ.എ അൻസിയ, മുൻ എം.എല്‍.എമാരായ ടി.പി പീതാംബരൻ, ജോണ്‍ ഫെര്‍ണാണ്ടസ്, സഹകരണ സംഘം ജോ.രജിസ്ട്രാര്‍ കെ.സജീവ് കര്‍ത്ത തുടങ്ങിയവര്‍ പങ്കെടുത്തു.