ഡിസംബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. എം.പി, എം.എല്‍.എമാര്‍ രക്ഷാധികാരികളായ സംഘാടക സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജനറല്‍ കണ്‍വീനറുമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, യുവജന ക്ഷേമ ബോര്‍ഡ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. വിവിധ വിഭാഗങ്ങളിലായി ഒമ്പത് സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീര്‍, സെക്രട്ടറി പി.സി മജീദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശശിപ്രഭ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി. ഷണ്‍മുഖന്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം പി.എം. ഷബീര്‍ അലി, യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഉഷാതമ്പി, ബീന ജോസ്, പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം. ഫ്രാന്‍സിസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ കേരളോത്സവത്തില്‍ കലാമത്സരങ്ങള്‍ കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌ക്കൂളിലും അത്‌ലറ്റിക്‌സ് ഇനങ്ങള്‍ ജില്ലാ സ്റ്റേഡിയത്തിലുമാണ് നടക്കുക. മറ്റ് കായിക ഇനങ്ങളുടെ മത്സരങ്ങള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കും. 10, 11 തീയതികളിലാണ് കലാ മത്സരങ്ങള്‍. കായിക മത്സരങ്ങള്‍ 12 മുതലാണ് ആരംഭിക്കുക. ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ 12 നും വോളീബോള്‍ 13 നും അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 14 നുമാണ്. വോളിബോള്‍, ബാഡ്മിന്റണ്‍, ഫുട്്ബോള്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോള്‍, വടംവലി, ആര്‍ച്ചറി, കബഡി, ചെസ്, പഞ്ചഗുസ്തി, കളരി പയറ്റ്, നീന്തല്‍ തുടങ്ങിയ ഇനങ്ങളിലാണ് കായിക മത്സരങ്ങള്‍.