നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിലെ ക്യാൻസർ കെയർ യൂണിറ്റിൻ്റെ ഭാഗമായി പുതിയതായി നിർമ്മിച്ച ന്യൂട്രോപീനിയ വാർഡിൻ്റെ ഉദ്ഘാടനം ഒ.ആർ കേളു എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഇൻ ചാർജ് ഡോ.പി. ദിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ആരോഗ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സർക്കാരിൻ്റെ പ്രത്യേക ഇടപെടലിലൂടെ ക്യാൻസർ രോഗികൾക്കായി ഘട്ടം ഘട്ടമായി ആശുപത്രിയിൽ ഐ.പി സംവിധാനം ഒരുക്കുകയാണ്. ഇതിൻ്റെ ഭാഗമായി കീമോതെറാപ്പി എടുക്കുന്നവരിൽ രക്താണുക്കൾ കുറയുന്ന ന്യൂട്രോപീനിയ എന്ന അവസ്ഥയുളളവരെ കിടത്തി ചകിത്സിക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണ് ന്യൂട്രോപീനിയ വാർഡ്. വാർഡിൽ 10 ലക്ഷം രൂപ ചിലവിൽ മൾട്ടി പാരാ മോണിറ്റർ സംവിധാനത്തോടെയുള്ള 10 ബെഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നര ലക്ഷം രൂപ ചിലവിൽ വാർഡിൻ്റെ നവീകരണ പ്രവൃത്തികളും നടത്തി. ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു അധിക ഡോക്ടറിൻ്റെ സേവനം കൂടി വാർഡിൽ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ 8 ഡോക്ടറുടെയും 9 സ്റ്റാഫ് നേഴ്സുമാരുടെയും സേവനം ലഭ്യമാകും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ വി. വിജോൾ, പി. കല്യാണി, വാർഡ് മെമ്പർ ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ നേഴ്‌സിംഗ് ഓഫീസർ ഭവാനി തരോൾ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ആശുപത്രി സൂപ്രണ്ട് ഡോ. ആൻസി മേരി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി മിഥുൻ ലോഹിദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. എച്ച്.എം.സി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, സി.ഡി.എസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.