പൂതംകുളം മൈതാനത്ത് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം

മാലിന്യ സംസ്കരണത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും വീഴ്ച പാടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നഗരസഭ പൂതംകുളം മൈതാനത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഒരുക്കിയ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാലിന്യ നിർമാർജ്ജനം, ശുചിത്വം എന്നിവയിൽ കേരളത്തിന്റെ നടപടികളിൽ ദേശീയ ഹരിത ട്രൈബ്യൂണൽ തൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളും നടത്തിയിട്ടുള്ള ശുചിത്വ പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ച് വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് പിഴ ഈടാക്കിയ സാഹചര്യത്തിലാണ് കേരളം അഭിമാന നേട്ടം കൈവരിച്ചത്. ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാണിച്ച ദ്രവ മാലിന്യ സംസ്കരണത്തിലുള്ള വീഴ്ചകൾ പരിഹരിക്കാനായി എല്ലാ ജില്ലകളിലും രണ്ട് ദ്രവ മാലിന്യ പ്ലാന്റുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മാലിന്യ സംസ്കരണ പ്ലാന്റ് അല്ല മറിച്ച് സംസ്കരിക്കാത്ത മാലിന്യമാണ് നാടിന്റെ വിഷയം. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൊതുജലാശയങ്ങളിൽ 82 ശതമാനത്തിലും കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശുചിമുറി മാലിന്യം കൊണ്ട് മലിനമാണ് പൊതുജലാശയങ്ങളിൽ ഏറെയും. ഇത് തുടർന്നാൽ ആരോഗ്യ അടിയന്തിരാവസ്ഥ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനുള്ള ശാസ്ത്രീയമായ സംവിധാനം ആവശ്യമാണെന്നും അടിയന്തരമായി ഇതിനുള്ള ട്രീറ്റ്മെന്റ് പ്ലാന്റുകളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യ ദ്രവ മാലിന്യ സംസ്കരണത്തെ ഒരു പ്രശ്നമല്ലാതാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹരിത കർമ്മ സേന കേരളത്തിന്റെ ശുചിത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളികളാണ്. ഹരിത കർമ്മ സേന വഴി മാലിന്യ ശേഖരണം ശക്തിപ്പെടുത്താനാണ് സർക്കാർ തീരുമാനം.

അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി സേവനവും ജൈവ മാലിന്യത്തിന്റെ ഉറവിട സംസ്കരണവും കർശനമായി നടപ്പാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ജനപ്രതിനിധികൾ മുൻകൈയ്യെടുത്ത് ഇതിനുള്ള ബോധവൽക്കരണം നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് വസ്തു നികുതിക്കൊപ്പം യൂസർ ഫീ പിരിക്കാൻ അനുമതി നൽകാനാകുമോ എന്നത് പരിശോധിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

നാടിന്റെ നന്മയ്ക്കായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോജിച്ച പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതി നമ്മുടെ ശുചിത്വത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ മന്ത്രി ഇത്തരം സംവിധാനങ്ങൾ ശുചിയായും വൃത്തിയായും സംരക്ഷിക്കാൻ കഴിയണമെന്നും അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാലത്തിന്റെ പുരോഗമനത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ നഗരത്തിലുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുടയുടെ വികസന സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തി ജനജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. പരിപൂർണമായും ദാരിദ്ര്യം തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ അതിദരിദ്രരെ കണ്ടെത്തി അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ഇതോടൊപ്പം വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പെടെയുള്ള മേഖലകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാക്കി ജനജീവിതം സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന കർമ്മ പരിപാടിയുടെ ഭാഗമായി യാത്രയ്ക്കിടെ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതവുമുള്ള എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള പ്രധാനപ്പെട്ട പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. മാർക്കറ്റുകളിലും ഇതര പ്രധാന കേന്ദ്രങ്ങളിലും നേരത്തെ ആസൂത്രണം ചെയ്ത പോലെ ഇത്തരം കേന്ദ്രങ്ങളുടെ പൂർത്തീകരണം ഏറ്റവും വേഗത്തിൽ നടപ്പിലാക്കാനാകട്ടെ എന്നും മന്ത്രി ആശംസിച്ചു.

19.29 ലക്ഷം രൂപ ചെലവിലാണ് പൂതക്കുളം ഭാഗത്ത് ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമുള്ള വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. നഗരസഞ്ചയ ഫണ്ടിന്റെ 20 ലക്ഷം രൂപ ഉൾപ്പെടെ ആകെ 34 ലക്ഷം രൂപ ചെലവിൽ അഞ്ച് ഇടങ്ങളിലായാണ് ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ ഇരിങ്ങാലക്കുട നഗരസഭയിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. സ്ത്രീകൾക്കായി ഫീഡിംഗ് റൂം, ഏഴ് ശുചിമുറികൾ, മൊബൈൽ ചാർജിംഗ് സംവിധാനം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് വഴിയോര കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ മുൻസിപ്പൽ എൻജിനീയർ സി എസ് ഗീതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, മുൻസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർളി, മുൻസിപ്പൽ സെക്രട്ടറി കെഎം മുഹമ്മദ് അനസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺമാരായ അംബിക പള്ളിപ്പുറത്ത്, സുജ സഞ്ജീവ്കുമാർ, സിസി ഷിബിൻ, ജെയ്സൺ പാറേക്കാടൻ,  ജനപ്രതിനിധികളായ പിടി ജോർജ്, സന്തോഷ് ബോബൻ, അൽഫോൻസ തോമസ് തുടങ്ങിയവർ പങ്കെടുത്തു.