അര്‍ഹമായ മുഴുവന്‍ പട്ടയ അപേക്ഷകളും 2023ഓടെ തീര്‍പ്പാക്കും

ജില്ലയിലെ പട്ടയവിതരണ ഒരുക്കങ്ങള്‍ വിലയിരുത്തി

തൃശൂര്‍ ജില്ലയില്‍ 13,000ത്തില്‍ പരം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അടുത്ത മെയ് മാസത്തിലാണ് ജില്ലയിലെ അര്‍ഹരായ ഇത്രയും അപേക്ഷകര്‍ക്ക് പട്ടയം നല്‍കുകയെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും കാലതാമസമില്ലാതെ പട്ടയം ലഭ്യമാക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടയ വിതരത്തിന്റെ കാര്യത്തില്‍ റെക്കോഡ് നേട്ടമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കൈവരിച്ചത്. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. ഇത്തവണ പരമാവധി പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ലഭ്യമായ മുഴുവന്‍ പട്ടയ അപേക്ഷകളും അടുത്ത വര്‍ഷത്തോടെ തീര്‍പ്പുകല്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

3500 ദേവസ്വം പട്ടയങ്ങള്‍ ഉള്‍പ്പെടെ 11,000 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്യും. അതിനു പുറമെ, വനഭൂമി പട്ടയങ്ങളും റവന്യൂ, പഞ്ചായത്ത്, ഇറിഗേഷന്‍ പുറമ്പോക്ക് പട്ടയങ്ങളും വിതരണത്തിനായി സജ്ജമാക്കും.

ജില്ലയില്‍ വിതരണം ചെയ്യാന്‍ ബാക്കിയുള്ള മുഴുവന്‍ പട്ടയങ്ങളുടെയും തടസ്സങ്ങള്‍ നീക്കി അവ വിതരണത്തിന് സജ്ജമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അദാലത്തുകള്‍ നടത്തും. വിവിധ ഇനം പട്ടയ അപേക്ഷകള്‍ തരം തിരിച്ച് പ്രത്യേകമായി തീര്‍പ്പുകല്‍പ്പിക്കുന്നതിന് ഓരോന്നിനും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ കാരണങ്ങളാല്‍ സ്റ്റേ നിലനില്‍ക്കുന്ന പട്ടയങ്ങള്‍ കണ്ടെത്തി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് വില്ലേജ് അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ച് അദാലത്തുകള്‍ നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 2500ലേറെ ദേവസ്വം പട്ടയങ്ങള്‍ക്കുള്ള അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. ജില്ലയില്‍ കേന്ദ്രാനുമതി ലഭിച്ച 7375 വനഭൂമി പട്ടയങ്ങളില്‍ 5779 പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തു. ബാക്കിയുള്ളവയില്‍ നടപടി പുരോഗമിക്കുകയാണ്. 4561 വനഭൂമി പട്ടയ അപേക്ഷകളില്‍ കേന്ദ്രാനുമതി ലഭിക്കാന്‍ ബാക്കിയുണ്ട്. ഇവയില്‍ സര്‍വേ നടപടികള്‍ ബാക്കിയുള്ള 2647 അപേക്ഷകളില്‍ മൂന്നു മാസത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 30 സര്‍വേയര്‍മാരെ കൂടി അനുവദിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയ അപേക്ഷകളിലെ നടപടികള്‍ വേഗത്തിലാക്കുന്നതിന് എല്‍ടി ഓഫീസുകളുടെ നിലവിലെ അധികാര പരിധികള്‍ പുനക്രമീകരണം ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പട്ടിക വര്‍ഗക്കാരുടെ 70 പട്ടയ അപേക്ഷകളില്‍ 59 എണ്ണത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയില്‍ നടപടികള്‍ പൂരോഗമിക്കുകയാണ്. പുറമ്പോക്ക് ഭൂമി പട്ടയങ്ങള്‍, ലക്ഷം വീട് കോളനി പട്ടയങ്ങള്‍, ഇറിഗേഷന്‍ പട്ടയങ്ങള്‍, കടല്‍ക്കര പുറമ്പോക്ക് പട്ടയങ്ങള്‍, സ്റ്റേ പട്ടയങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി വി അനുപമ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ അനു എസ് നായര്‍, സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കളക്ടര്‍ വി എം ജയകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

പട്ടയവിതരണ നടപടികളില്‍ തൃശൂര്‍ ജില്ലയ്ക്ക് അഭിനന്ദനം

 

പട്ടയ വിതരണ നടപടികളുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ല നടത്തിയ ഒരുക്കങ്ങളില്‍ അഭിനന്ദനം രേഖപ്പെടുത്തി അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി വി അനുപമയും. ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരുക്കങ്ങള്‍ മറ്റു ജില്ലകള്‍ക്ക് മാതൃകയാണെന്ന് ഡോ. ജയതിലക് പറഞ്ഞു.

 

വിവിധ ഇനം പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമക്കുരുക്കുകള്‍ ഇഴകീറി പരിശോധിക്കുകയും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് ഇതുമായി ബന്ധപ്പെട്ട് ജില്ല തയ്യാറാക്കിയ റിപ്പോര്‍ട്ട്. സംസ്ഥാന തലത്തില്‍ കൈകാര്യം ചെയ്യേണ്ട പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജില്ലയില്‍ തയ്യാറാക്കിയ അവതരണത്തിന്റെ മാതൃക മറ്റു ജില്ലകള്‍ക്കു കൂടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

 

പട്ടയ വിതരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ഇതുമായി ബന്ധപ്പെട്ട് ജില്ല തയ്യാറാക്കിയ റിപ്പോര്‍ട്ടെന്ന് ടി വി അനുപമ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളും നടത്തേണ്ട ഇടപടലുകളും വേഗത്തിലാക്കുമെന്നും അവര്‍ പറഞ്ഞു.