ഭിന്നശേഷി ദിനാചരണം: ഉണർവ്വ് 202

അന്തർദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ വിമല കോളേജിൽ ഭിന്നശേഷി വ്യക്തികൾക്കായി ഉണർവ് 2022 കലാമത്സരങ്ങൾ സംഘടിപ്പിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാർ പരിപാടിയിൽ പങ്കെടുത്തു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഇലക്ഷൻ വിഭാഗം എന്നിവയുടെ സേവനങ്ങളും ഉണർവ്വിന്റെ ഭാഗമായി നടന്നു. ഭിന്നശേഷി വിദ്യാർത്ഥികളിൽ ഉന്നത വിജയം നേടിയവർക്ക് വിജയാമൃതം പദ്ധതി പ്രകാരമുള്ള അവാർഡ് വിതരണവും നടന്നു.

ഭിന്നശേഷിയുള്ള പ്രതിഭകളുടെ കഴിവുകളെ കണ്ടെത്തി അംഗീകരിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് ഉണർവ്വ് 2022. കലാപരിപാടികളുടെ ഉദ്ഘാടനം പതാക ഉയർത്തി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ മഞ്ജിത്ത് ടി നിർവഹിച്ചു.

സമാപന സമ്മേളനം കോപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലാലി ജയിംസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വില്ലി ജിജോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരം ലിഷോയ് മുഖ്യ അതിഥിയായിരുന്നു. ലീഗൽ സർവീസ് അതോറിറ്റി ഉദ്യോഗസ്ഥർ,സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.