സമഗ്ര ശിക്ഷാ കേരളം കൊടകര ബിആർസിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. പരിപാടി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായവരുടെ ക്ഷേമത്തിനും അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പദ്ധതികൾ തയ്യാറാക്കി ബ്ലോക്കിലും പഞ്ചായത്തുകളിലും നടപ്പാക്കുന്നുണ്ടെന്നും പുതിയ പദ്ധതികൾ വിഭാവനം ചെയ്യുമെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.

അളഗപ്പനഗർ പഞ്ചായത്തിൽ ഓവർസിയറായ സിന്റോ ആന്റണി ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പരിമിതികളെ മറികടന്ന് ജീവിത വിജയം നേടിയ സിന്റോ ആന്റണി, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് കോടാലി ജി എൽ പി എസ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണവേണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും കുട്ടികളും അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് വിദ്യാർത്ഥികളുടെയും ബിആർസി അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. മിമിക്രി കലാകാരനും ഗായകനുമായ മുരളി ചാലക്കുടി അവതരിപ്പിച്ച കലാവിരുന്ന് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ബി ആർ സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. കൊടകര ഗവ. എൽ. പി. സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവ്, മെമ്പർ സിബി സി ഡി , ഡയറ്റ് ഫാകൽറ്റി ഡോ. പി സി സിജി, ബി പി സി ഫേബ കെ ഡേവിഡ്, മുൻ ബി പി സി കെ നന്ദകുമാർ, ബി ആർ സി ട്രെയിനർ സി കെ രാധാകൃഷ്ണൻ, സി ആർ സി കോഡിനേറ്റർ നിഷ വി ആർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷിബി വർഗീസ്, പ്രധാനാധ്യാപിക ടി ആർ ജയ എന്നിവർ പങ്കെടുത്തു.