കോട്ടയം: ഡോക്ടമാർ സമൂഹത്തോടും സാധാരണക്കാരോടും പ്രതിബദ്ധതയുള്ളവരായി പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് അനുവദിച്ച ബസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മവും മെഡിക്കൽ വിദ്യാർത്ഥികൾ മുഖേന നടത്തുന്ന കുടുംബങ്ങളെ ദത്തെടുക്കൽ പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പിയുടെ പ്രദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 23.33 ലക്ഷം രൂപ ചെലവിട്ടാണ് ബസ് ലഭ്യമാക്കിയത്.
മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി വിഭാഗത്തിന്റെ ഗ്രാമീണ പഠന, ദത്തെടുക്കൽ, സേവന പ്രവർത്തനങ്ങൾക്കായാണ് ബസ് ഉപയോഗപ്പെടുത്തുക. കുടുംബങ്ങളെ ദത്തെടുക്കൽ, ഗ്രാമീണ പഠന പദ്ധതി വഴി ഒരു മെഡിക്കൽ വിദ്യാർത്ഥി തിരെഞ്ഞെടുക്കപ്പെടുന്ന ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങളെയാണ് ദത്തെടുക്കുന്നത്. ദത്തെടുക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ അടുത്ത അഞ്ചു വർഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഭ്യമാക്കും.
ജില്ലാ കളക്ടർ ഡോ പി.കെ ജയശ്രീ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഞ്ജു മനോജ്, സജി തടത്തിൽ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ആർപ്പൂക്കര ഗ്രാമ പഞ്ചായത്തംഗങ്ങളായ അരുൺ ഫിലിപ്പ്, റോസിലി ടോമിച്ചൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, സൂപ്രണ്ട് ഡോ. ടി. കെ ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ വർഗ്ഗീസ് പി. പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി ജയപ്രകാശ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ വത്സാ തോമസ്, ഗവൺമെന്റ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ: വി. കെ ഉഷ, റിട്ട. സൂപ്രണ്ട് പി.ജി രാമകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.