കേരളത്തിലെത്തിയ ഫിൻലൻഡ് സംഘവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കൂടിക്കാഴ്ച നടത്തി. കേരളത്തിലെയും ഫിൻലൻഡിലെയും വിദ്യാഭ്യാസ രംഗത്തെ സഹകരണ സാധ്യതകൾ മുൻനിർത്തി നടക്കുന്ന ചർച്ചകളുടെ ഭാഗമായാണു സംഘം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളവും ഫിൻലൻഡും തമ്മിലുള്ള ടീച്ചർ എക്സ്ചേഞ്ച് ട്രെയിനിങ് പ്രോഗ്രാം, ശിശുവിദ്യാഭ്യാസം, വിദ്യാഭ്യാസ സാങ്കേതിക വിദ്യകൾ, ശാസ്ത്ര – ഗണിതശാസ്ത്ര വിദ്യാഭ്യാസം, വിവിധ തലങ്ങളിലുള്ള മൂല്യനിർണയ രീതികൾ, കേരളത്തിലെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും ഫിൻലൻഡും തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. കൂടുതൽ ചർച്ചകൾക്ക് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും ധാരണയായി.

ഫിൻലൻഡിലെ ജൈവസ്‌കൈല സർവകലാശാല എഡ്യൂക്കേഷൻ ആൻഡ് സൈക്കോളജി വിഭാഗം ഡീൻ അന്ന മജില പോയ്കെസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വിഭാഗം മേധാവി സിപ്ര എസ്‌കെല ഹാപെനൻ, യൂണിവേഴ്സിറ്റി ടീച്ചർ പാസി ഇകോനെൻ, ഗ്ലോബൽ ഇന്നൊവേഷൻ നെറ്റ്വർക്ക് ഇന്ത്യയിലെ യൂണിവേഴ്സിറ്റി ടീച്ചർ അപൂർവ ഹൂഡ എന്നിവരടങ്ങുന്ന സംഘമാണു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാർ, ഉദ്യോഗസ്ഥർ, പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽനിന്നുള്ള അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.