*15 എ.സി ബസുകള്‍ ഉടനെത്തും
*വരുമാനം 10 കോടിയോടടുത്തു
കെ.എസ്.ആര്‍.ടി.സി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് റൂട്ടില്‍ ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171 ബസുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വര്‍ധിച്ചതോടെയാണ് വിവിധ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ ബസുകള്‍ എത്തിച്ചത്.
രണ്ട് ദിവസത്തിനകം 15 എ.സി ലോ ഫ്‌ലോര്‍ ബസുകള്‍ കൂടി എത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഇതോടെ എ.സി ബസുകളുടെ എണ്ണം 60 ആകും. നിലവിലെ 189 ബസുകളില്‍ 45 എണ്ണം എ.സി ലോ ഫ്‌ലോര്‍ ബസുകളാണ്. ആകെ ബസുകളില്‍ മൂന്നില്‍ ഒരു ഭാഗം എ.സി എന്ന നയമാണ് അധികൃതര്‍ പിന്തുടരുന്നത്. ഡിസംബര്‍ 5 ന് മാത്രം 2,055 റൗണ്ട് സര്‍വീസുകളാണ് ഇരു ഭാഗത്തേക്കുമായി കെ.എസ്.ആര്‍.ടി.സി നടത്തിയത്.
മണ്ഡലകാലം തുടങ്ങിയശേഷം നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ നിന്ന് മാത്രം കെ.എസ്.ആര്‍.ടി.സി 10 കോടി രൂപയ്ക്കടുത്ത് വരുമാനം നേടി. തിങ്കളാഴ്ച (ഡിസംബര്‍ 5) വരെയുള്ള കണക്കാണിത്. നവംബര്‍ 30 വരെയുള്ള കാലയളവില്‍ ചെയിന്‍ സര്‍വീസിലൂടെ മാത്രം 10,93,716 പേര്‍ ശബരിമലയില്‍ എത്തി. നിലയ്ക്കല്‍-പമ്പ എ.സി ബസുകള്‍ക്ക് 80 രൂപയും, മറ്റ് എല്ലാ സര്‍വീസുകള്‍ക്കും 50 രൂപയുമാണ് നിരക്ക്.