* സന്നിധാനത്ത് വകുപ്പ് നടത്തിയത് വിപുലമായ മുന്നൊരുക്കങ്ങള്‍*
*ഇതുവരെ പിടികൂടിയത് 61 പാമ്പുകളെ*
ശബരിമല മണ്ഡലകാലം മകരവിളക്ക് മഹോത്സവമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളില്‍ ഒന്നാണ് വനം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വനം വകുപ്പ് സന്നിധാനത്ത് ജാഗരൂകരാണ്.
അയ്യപ്പഭക്തന്മാരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുന്‍കരുതല്‍ നല്‍കിയാണ് വനം വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സന്നിധാനത്ത് നിന്നും 75 പന്നികളെ പിടികൂടി മാറ്റി.
മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് അപകടകരമാകുന്ന രീതിയില്‍ കണ്ടുവന്ന പന്നികളെ സന്നിധാനത്ത് നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞത് വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. വലിയ കൂടുകളില്‍ പിടികൂടിയ പന്നികളെ ഗവി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തുറന്നുവിട്ടത്. പന്നികളെ പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റാന്‍ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു.
മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇന്നലെ (ഡിസംബര്‍ 5) വരെ 61 പാമ്പുകളെയാണ് സന്നിധാനത്ത് നിന്ന് മാത്രം പിടികൂടിയത്. പിടികൂടിയവയെ സുരക്ഷിതമായി ഉള്‍ക്കാടുകളില്‍ തുറന്നു വിടും.
ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്‌ക്വാഡ്, സ്‌നേക്ക് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.
എരുമേലി, പുല്‍മേട് തുടങ്ങിയ കാനനപാതകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാല്‍ സദാസമയവും നിരീക്ഷണം നടത്തുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ഇവ ചെറുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. ഇതിന് പുറമെ, രാത്രി സമയങ്ങളില്‍ വനാതിര്‍ത്തികളില്‍ പ്രത്യേക സ്‌ക്വാഡുകളുടെ സുരക്ഷാ പെട്രോളിഗും നടത്തുന്നു.
കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ വന്യജീവികള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിക്കുന്നു. വനഭൂമിയെ മാലിന്യമാക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുകയും വേണം.