ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സാമൂഹിക സന്നദ്ധസേന വളന്റിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സന്നദ്ധസേനാ ഡയറക്ട്രേറ്റും ചേര്‍ന്ന് നടത്തുന്ന ഏകദിനപരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ചുഴലിക്കാറ്റ്, പ്രളയം, മണ്ണിടിച്ചില്‍ എന്നീ മൂന്ന് പ്രധാന പ്രകൃതി ദുരന്തങ്ങളെ നേരിടാനാണ് സേനയെ സജ്ജമാക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ വളന്റിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. വരും ദിവസങ്ങളില്‍ കാട്ടക്കട, നെടുമങ്ങാട്, ചിറയന്‍കീഴ്, വര്‍ക്കല, നെയ്യാറ്റിന്‍കര താലൂക്കുകളിലെ വളന്റിയര്‍മാര്‍ക്കും പരിശീലനം നല്‍കും. കിഴക്കേകോട്ട പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  ബന്ധപ്പെട്ട വിവിധ വകുപ്പകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.