വരാന്‍ പോകുന്ന വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍  ജൈവ തണ്ണിമത്തന്‍ തോട്ടങ്ങള്‍ ഒരുക്കി പന്തളം തെക്കേക്കര. മൂന്ന് ഹെക്ടര്‍ വരുന്ന തരിശുഭൂമികളില്‍ തണ്ണിമത്തന്‍ തോട്ടങ്ങള്‍ ഒരുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.. ഏറെ വിഷപൂരിതമായി വിപണിയില്‍ ലഭിക്കുന്ന തണ്ണിമത്തന്‍ ജൈവരീതിയില്‍ തന്നെ ഉത്പാദിപ്പിച്ച് തദ്ദേശീയമായി വിപണനം നടത്തുകയാണ് ലക്ഷ്യം.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരിശു കിടക്കുന്ന സ്ഥലങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയോഗ്യമാക്കി ഫലവര്‍ഗ തോട്ടങ്ങള്‍ വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രധാന ലക്ഷ്യമായ കര്‍ഷകര്‍ക്ക് വരുമാനവര്‍ധനവ് ഉറപ്പുവരുത്തുന്നതിനാണ് വ്യത്യസ്തമായ കൃഷിരീതികള്‍ കൃഷിഭവനും ഗ്രാമപഞ്ചായത്തും നടപ്പാക്കുന്നത്.

തെക്കേക്കര പടുകോട്ടുക്കല്‍ വാര്‍ഡില്‍ മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മേരി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 75 സെന്റോളം വരുന്ന തരിശുഭൂമിയില്‍ ആദ്യഘട്ട വിത്തിട്ടു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപ്പണിക്കര്‍, കൃഷി ഓഫീസര്‍ സി. ലാലി, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍മാരായ അഖില്‍ മോഹന്‍, രഞ്ചുചന്ദ്രന്‍ സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.ബി. ശ്രീദേവി, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.