കാര്‍ഷിക ഗോത്ര സംസ്‌കൃതിയുടെ പെരുമയുളള വയനാട് സംരംഭകത്വ മേഖലയിലും മുന്നേറുന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന വ്യവസായ വകുപ്പിന്റെ സംരംഭകത്വ പദ്ധതി എട്ട് മാസത്തിനുള്ളില്‍ തന്നെ ലക്ഷ്യം കണ്ടപ്പോള്‍ വയനാട് ജില്ലയാണ് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയത്. ഉത്പാദന, സേവന, വിപണന മേഖലയിലുള്‍പ്പെടെ 3010 പുതിയ സംരംഭങ്ങള്‍ തുടങ്ങി ലക്ഷ്യത്തിന്റെ 81.64 ശതമാനം കൈവരിച്ചാണ് ജില്ല ഈ നേട്ടത്തിലെത്തിയത്. 178.01 കോടിയുടെ നിക്ഷേപവും 6272 തൊഴിലവസ രങ്ങളും ഇക്കാലയളവില്‍ സൃഷ്ടിച്ചു. കൊല്ലം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.

2022-23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭം തുടങ്ങാനാണ് വ്യവസായ- വാണിജ്യ വകുപ്പ് ലക്ഷ്യമിട്ടത്. നാല് മാസം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ചെറുകിട ഇടത്തരം മേഖലകളില്‍ 100004 സംരംഭങ്ങള്‍ ആരംഭിക്കാന്‍ വ്യവസായ വകുപ്പിന് സാധിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 3687 സംരംഭങ്ങള്‍ ആരംഭിക്കാനാണ് ജില്ലാ വ്യവസായ കേന്ദ്രം വഴി ലക്ഷ്യമിട്ടത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളും വെളളമുണ്ട, വൈത്തിരി, കണിയാമ്പറ്റ, മീനങ്ങാടി, മുട്ടില്‍ ഗ്രാമപഞ്ചായത്തുകളും നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും വെളളപ്പൊക്കവും കോവിഡും തീര്‍ത്ത പ്രതിസന്ധികളും അതിജീവിച്ചാണ് സംരംഭക മേഖലയിലെ ജില്ലയുടെ ഈ കുതിപ്പ്.

അടിസ്ഥാന സൗകര്യങ്ങളിലും മറ്റ് വികസന സൂചികളിലും പിന്നാക്കം നില്‍ക്കുമ്പോഴും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടങ്ങിയവര്‍ക്കും ജില്ലാ വ്യവസായ കേന്ദ്രം ഉറച്ച പിന്തുണയാണ് നല്‍കി വരുന്നത്. സംരംഭം തുടങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് വായപയടക്കമുളള സൗകര്യങ്ങള്‍ സമയബന്ധിതമായി ഉറപ്പിക്കുന്നു. തദ്ദേശ സ്ഥാപന തലങ്ങളില്‍ സംരംഭകത്വ സാധ്യതകളെ കുറിച്ചും ലൈസന്‍സ്, സബ്സിഡി, മറ്റ് ധനസഹായങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിനായി 29 ഇന്റേണ്‍സിനേയും നിയമിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ സഹായക കേന്ദ്രങ്ങളും സജ്ജമാക്കി. ജില്ലാ കളക്ടര്‍ ചെയര്‍മാനായ മോണിറ്ററിംഗ് കമ്മിറ്റി സംരംഭകര്‍ നേരിടുന്ന വിവിധ വിഷയങ്ങില്‍ അടിയാന്തര പരിഹാരം കാണുന്നു. ഇതര വകുപ്പുകളുടെ സാധ്യതയും പ്രയോജനപ്പെടുത്തി വരുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, സംരംഭകത്വ വായ്പ പദ്ധതികള്‍ തുടങ്ങിയ സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും സംരംഭം തുടങ്ങുന്നതിന് പ്രചോദനമാണ്. ജില്ലയില്‍ സംരംഭങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയും നിക്ഷേപക സംഗമവും കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചിരുന്നു.

ബാങ്ക് വായ്പയിലൂടെയാണ് സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ പറഞ്ഞു. പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി വഴിയുളള വായ്പകള്‍ക്ക് 35 ശതമാനം സബ്സിഡി ലഭിക്കും. മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതിയില്‍ 40 ശതമാനവും സംരംഭക സഹായ പദ്ധതിയില്‍ 45 ശതമാനവും സബ്സിഡിയുണ്ട്. കേരള സംരംഭക വായ്പ പദ്ധതിയിലൂടെ ഉല്‍പാദന, സേവന, കച്ചവട യൂണിറ്റുകള്‍ക്ക് 4 ശതമാനം പലിശയോടെ വായ്പ ലഭ്യമാകും.