ഹരിത കർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണം കൂടുതൽ സുതാര്യമാക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷ, ട്രോളി എന്നിവ നൽകി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് നിർവഹിച്ചു.

നിലവിൽ പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുത്ത വാഹനത്തിലായിരുന്നു ഹരിത കർമ്മ സേന വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിച്ചത്. പഞ്ചായത്തിലെ അജൈവമാലിന്യങ്ങൾ വാർഡ് തലങ്ങളിൽ നിന്നും ശേഖരിച്ച് മിനി എം.സി.എഫ്, ആർ.ആർ.എഫ് എന്നിവിടങ്ങളിൽ എത്തിക്കുന്നതിനാണ് വാഹനം ലഭ്യമാക്കിയിരിക്കുന്നത്. പഞ്ചായത്ത്, കൊച്ചി കോർപറേഷൻ, ശുചിത്വമിഷൻ എന്നിവയുടെ സഹകരണത്തോടെ 4,29,000 രൂപയ്ക്കാണ് പുതിയ വാഹനം വാങ്ങിയത്.

പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വാഹനം നൽകിയത്. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂര്‍ പദ്ധതി പഞ്ചായത്തിൽ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,30,000 രൂപയാണ് അജൈവമാലിന്യ ശേഖരണത്തിലൂടെ പഞ്ചായത്തില്‍ ലഭിച്ചത്. 50 ടൺ അജൈവ മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. 16 വാര്‍ഡുകളില്‍ നിന്നായി 32 ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകരാണ് പഞ്ചായത്തിലെ മാലിന്യ ശേഖരണത്തിന് ചുക്കാൻ പിടിക്കുന്നത്.

വൈസ് പ്രസിഡൻ്റ് ജയശ്രീ പത്മാകരൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു പുത്തേത്ത് മ്യാലിൽ, എം.എം ബഷീർ, ജലജ മണിയപ്പൻ, പഞ്ചായത്ത് സെക്രട്ടറി കെ.ടി സന്തോഷ്, അസിസ്റ്റൻ്റ് സെക്രട്ടറി എസ്.സുനിത, വിഇഒ ശ്രീകാന്ത് ശ്രീധർ, വാർഡ് മെമ്പർമാർ, സി.ഡി.എസ് ചെയർപേഴ്സൺ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.