യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ സഭ പൊഴുതന പഞ്ചായത്തില്‍ ചേര്‍ന്നു. പൊഴുതന കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു അധ്യക്ഷനായി. എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഡി.ഡബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരായ 50 ഓളം പേരാണ് തൊഴില്‍ സഭയില്‍ പങ്കെടുത്തത്. നിരവധി തൊഴില്‍ സംരംഭകരും തൊഴില്‍ സഭയില്‍ പങ്കാളികളായി. സംരംഭക സാധ്യതകളും പിന്തുണകളും എത്തിക്കുക, വിജ്ഞാന തൊഴിലുകളും അവയുടെ അവസരങ്ങളും അവതരിപ്പിക്കുക, തൊഴില്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് നൈപുണ്യ വികസനത്തിനുള്ള സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വ്യവസായ വകുപ്പ് ഇന്റേണ്‍ നിതിന്‍ സുകുമാരന്‍, തൊഴില്‍ സഭ റിസോഴ്‌സ് പേഴ്‌സണ്‍ ഒ.പി സുമയ്യ തുടങ്ങിയവര്‍ സംസാരിച്ചു. പൊഴുതന പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, വ്യവസായ വകുപ്പ് പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.