ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഫയലില്‍ നിയമാനുസൃതമായ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ഉത്തരവാദിത്വം അവിടെ അവസാനിച്ചുവെന്ന് കരുതാതെ ഓരോ വിഷയത്തിലും സമഗ്ര സമീപനം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ കണ്‍വെര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികള്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ഓരോ വ്യക്തികള്‍ക്കും നിയമം അനുശാസിക്കുന്ന തരത്തിലുള്ള സംരക്ഷണം നല്‍കുന്നതിനൊടൊപ്പം പ്രശ്നങ്ങളുടെ പല മുഖങ്ങളെ തിരിച്ചറിഞ്ഞ് സത്യത്തെ ഉള്‍ക്കൊള്ളണം. ജെന്‍ഡര്‍ വയലന്‍സിനെ തടയുന്നതിന്റെ ആദ്യപടിയെന്നത് ബോധവത്കരണമാണ്. ഓരോ ലക്ഷ്യത്തിന്റേയും ആദ്യചുവട് അവബോധമാണെന്നും എല്ലാ വകുപ്പുകളുടേയും ഏകോപനത്തിലൂടെ മാത്രമേ വനിത ശിശു വികസന വകുപ്പിന് ആ ലക്ഷ്യത്തിലെത്താന്‍ സാധിക്കുവെന്നും കളക്ടര്‍ പറഞ്ഞു.
ഓരോ ഫയലുകള്‍ക്കുള്ളിലും ഓരോ വ്യക്തികളുടെ പ്രശ്നങ്ങളുണ്ടെന്ന് ചടങ്ങില്‍ മുഖ്യസന്ദേശം നല്‍കിയ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. നമുക്ക് മുന്നിലെത്തുന്ന വ്യക്തികള്‍ പല പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരായിരിക്കും. പലപ്പോഴും ആളുകള്‍ക്ക് കേസ് കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത് മനസിലാക്കിയുള്ള ഇടപെടലുകള്‍ നടത്തണം. അതിന്റെ ആദ്യപടിയെന്നോണമാണ് ഇരയെന്നത് മാറ്റി അതിജീവത എന്ന വാക്ക് പോലും വന്നത്. നമ്മുടെ സമൂഹത്തിന്റേയും വ്യക്തികളുടേയും മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വിമണ്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചും പൊതുജനങ്ങള്‍ക്ക് വകുപ്പ് നല്‍കുന്ന സേവനങ്ങളെ കുറിച്ചും നിയമസാധ്യതകളെ കുറിച്ചും സംസാരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ്. തസ്നിം, ഡെപ്യുട്ടി കളക്ടര്‍മാരായ ആര്‍. രാജലക്ഷ്മി, ബി. ജ്യോതി, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.