27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിനു സാക്ഷ്യവഹിച്ച സദസിലേക്ക് ആർക് ലൈറ്റ് തെളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. സിനിമ ആസ്വാദനത്തിനും മനസിന്റെ ഉല്ലാസത്തിനുമൊപ്പം ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതുകൂടിയാണു ചലച്ചിത്ര മേളയെന്ന് ഐ.എഫ്.എഫ്.കെ സ്വിച്ച് ഓൺ ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.
ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. യാത്രാ നിയന്ത്രണങ്ങൾ മൂലം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാതിരുന്ന മഹ്നാസിനു വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി. മേളയിലെത്താൻ കഴിഞ്ഞില്ലെങ്കിലും മേളയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തന്റെ മുടി മുറിച്ച് അതീന റേച്ചലിനെ മഹ്നാസ് ഏൽപ്പിച്ചിരുന്നു. ഇത് അതീന ഉദ്ഘാടന വേദിയിൽ പ്രദർശിപ്പിക്കുകയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനു കൈമാറുകയും ചെയ്തു.
ലോകത്താകമാനമുള്ള ജീവിതങ്ങളെ കേരളത്തിനു മുന്നിൽ അവതരിപ്പിക്കാനും ഇവിടുത്തെ സാംസ്‌കാരിക സത്തകളെ മറ്റിടങ്ങളിലെ ചലച്ചിത്ര പ്രേമികളിലെത്തിക്കാനും കഴിഞ്ഞ കാൽ നൂറ്റാണ്ടായി നടക്കുന്ന ഐഎഫ്എഫ്യ്ക്കു കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാംസ്‌കാരിക കൈമാറ്റത്തിനുള്ള വേദികൂടിയാണ് ഐ.എഫ്.എഫ്.കെ ചലച്ചിത്രമേളകളെ സങ്കുചിത ആശയ പ്രചാരണത്തിനുള്ള ആയുധങ്ങളായി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് അർഹയായ ഇറാനിയൻ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വിലക്കുന്നതിനുവരെ അധികാരികളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അധികാരികളോട് എത്ര കലഹിക്കുന്നതായിരിക്കും അവരുടെ കലാസൃഷ്ടികൾ. ഏതെങ്കിലും ഒരു വംശമോ വിഭാഗമോ മാത്രമാണു ശ്രേഷ്ഠമെന്നു കരുതുകയും വംശീയതയിൽ അധിഷ്ഠിതമായ സർക്കാരുകൾ കെട്ടിപ്പൊക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ അവസ്ഥകൂടിയാണു മഹ്നാസിന്റെ അനുഭവത്തിലൂടെ പുറത്തുവരുന്നത്. എവിടെ മനസ് നിർഭയമാകുന്നുവോ അവിടെ ശിരസ് ഉയർന്നുതന്നെയിരിക്കും. ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യമാണ് സ്വാതന്ത്ര്യമെന്നതുകൊണ്ടു പ്രാഥമികമായി അർഥമാക്കുന്നത്. ആ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഉതകുന്നതാകണം മേളകളും അതിനോടനുബന്ധിച്ചുള്ള പരിപാടികളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ പരിമിതികൾ മറികടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തംകൊണ്ടു ചരിത്രപരമായ സാംസ്‌കാരികോത്സവമായി ഇത്തവണത്തെ ചലച്ചിത്രമേള മാറുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.എഫ്.എഫ്.കെ ഫെസ്റ്റിവൽ ബുക്ക് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനു നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് വി.കെ. പ്രശാന്ത് എം.എൽ.എ കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിനു നൽകി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്, ജൂറി ചെയർമാനും ജർമൻ സംവിധായികയുമായ വീറ്റ് ഹെൽമർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിയും അരങ്ങേറി. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദർശിപ്പിച്ചു.