ഉദ്ഘാടനം 12ന്

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം- ഒരു ആശയം പദ്ധതിയുടെ ഭാഗമായി ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വരുന്നു. 0471-2737877 എന്ന നമ്പറിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പ്രാദേശിക ആശയദാതാക്കൾക്കും സംശയങ്ങൾ ദൂരികരിക്കുന്നതിന് വിളിക്കാനാകും. ഹെൽപ്പ് ലൈൻ നമ്പറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 12ന് വൈകിട്ട് നാല് മണിക്ക് നവകൈരളി ഹാളിൽ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.

പ്രാദേശിക സാമ്പത്തിക വികസന രംഗത്തെ ഇടപെടലുകൾക്ക് ശക്തിപകരുന്നതാകും ഹെൽപ്പ് ലൈന്റെ പ്രവർത്തനമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വികേന്ദ്രീകാസൂത്രണത്തിന്റെ കാൽനൂറ്റാണ്ടിന്റെ അനുഭവവുമായിട്ടാണ് പ്രാദേശിക സാമ്പത്തിക വികസന പദ്ധതികളിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കടക്കുന്നത്. ജനങ്ങൾ അഭിമുഖീകരിക്കുന്ന ജീവിതപ്രശ്‌നങ്ങളെ പുത്തനാശയ രൂപീകരണത്തിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ നിർണായക ചുവടുവെപ്പ് ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തയ്യാറാകണമെന്നും മന്ത്രി നിർദേശിച്ചു.

പദ്ധതി സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‌സ് ചേമ്പർ, ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാൻ, മേയേഴ്‌സ് കൗൺസിൽ എന്നിവരുമായി മന്ത്രി വിപുലമായ ചർച്ച നടത്തും. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ഭാരവാഹികളെയും ബോധവത്കരിക്കാനുള്ള ഇടപെടലും തുടരുകയാണ്. കെ ഡിസ്‌കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ പരിശീലന പരിപാടികൾ ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. കില, സ്റ്റാർട്ടപ്പ് മിഷൻ, ഐആർടിസി, സിഎംഡി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.

ഹെൽപ്പ് ലൈനിലൂടെ ഒരു ആശയത്തെ എങ്ങനെ പ്രാവർത്തികമാക്കാമെന്ന വിവരം സാങ്കേതിക-അക്കാദമിക വിദഗ്ധന്മാരുടെ പങ്കാളിത്തത്തോടെ ലഭ്യമാക്കാനാകും. നിലവിൽ തയ്യാറാക്കിയ പല നൂതനാശയ പദ്ധതികളും അംഗീകാരം പോലും ലഭിക്കാതെ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആശയങ്ങൾ സമർപ്പിക്കാനും തയ്യാറായിട്ടില്ല. ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാണ് ഹെൽപ്പ് ലൈനിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായ പ്രത്യേകതകളുള്ള ഉൽപ്പന്നങ്ങളും സംരംഭങ്ങളും ഇങ്ങനെ രൂപമെടുക്കും. ജനകീയാസൂത്രണത്തിന് തുടർച്ചയായി, പ്രാദേശിക സാമ്പത്തിക വികസനത്തിലൂന്നിയുള്ള പദ്ധതികൾ ഏറ്റെടുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കാനുള്ള സുപ്രധാന ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.