കെ ഡിസ്‌കിന്റെ സഹകരണത്തോടെ ഇൻറഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ (IRTC) തദ്ദേശകമായി വികസിപ്പിച്ചെടുത്ത ജൈവ മാലിന്യ കമ്പോസ്റ്റിംഗ് ഉൽപ്പന്നമായ ‘സമത ബയോ കമ്പോസ്റ്ററിന്റെ’ പ്രകാശനം തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഡിസംബർ 12ന് വൈകിട്ട് നാലിന് നിർവഹിക്കും. ബയോ കമ്പോസ്റ്റിംഗ് ഇരുപത്തിയഞ്ച് മുതൽ മുപ്പത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന പ്രക്രീയയാണ് ഐആർടിസി വികസിപ്പിച്ചത്. പ്രകൃതിയിൽ ലഭ്യമായ സൂക്ഷ്മ ജീവികളെ തെരഞ്ഞെടുത്ത് വളർത്തി സൃഷ്ടിച്ച മൈക്രോബിയൽ കൺസോർഷ്യം (ഇനോക്കുലം) ഉപയോഗിച്ചാണ് കമ്പോസ്റ്റിന്റെ പ്രവർത്തനം. ഇതിലെ സൂക്ഷ്മജീവികളൊന്നും രോഗവാഹകരല്ലെന്ന് തെളിയിച്ചിട്ടുണ്ട്. ചകിരിച്ചോറിനെ വാഹകമാക്കിയുള്ള (carrier) ഇനോക്കുലമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ദുർഗന്ധമില്ലാതിരിക്കുകയും, ഈച്ച പോലെയുള്ള പ്രാണികളെ ആകർഷിക്കാതിരിക്കുയും ചെയ്യും. നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇതിനകം തന്നെ പദ്ധതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. മാലിന്യത്തിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിൽ നൂതനമായ ഇത്തരം ആശയങ്ങൾ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.