സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിന് ജില്ലയില്‍ നിന്നും രണ്ട് കലാകാരന്മാര്‍ കൂടി അര്‍ഹരായി. ഫോട്ടോഗ്രാഫിയില്‍ കുമളി അട്ടപ്പള്ളം സ്വദേശി ശ്രീരാഗത്തില്‍ സജീഷ് കൃഷ്ണന്‍, ചെണ്ടയില്‍ കട്ടപ്പന നത്തുകല്ല് കോലേട്ട് ഡോ. ബോബിന്‍.കെ. രാജു എന്നിവര്‍ക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചത്.

2015 മുതല്‍ ഫോട്ടോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സജീഷ് എറണാകുളം ഇമേജ് മള്‍ട്ടിമീഡിയയില്‍ നിന്നുമാണ് വിഷ്വല്‍ മീഡിയ വി.എഫ്.എക്‌സ് ആന്‍ഡ് ആനിമേഷനില്‍ ഡിപ്ലോമ കരസ്ഥമാക്കിയത്. 15 വര്‍ഷമായി ചെണ്ടമേള രംഗത്തുള്ള ഡോ. ബോബിന്‍ കാരപ്പാട്ട് സുകുമാരന്‍, ഡോ.കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്‍, വാദ്യശ്രീ മാപ്രാണം ഷൈജു എന്നിവരുടെ ശിഷ്യനാണ്. നിലവില്‍ ഇടുക്കി ജില്ലയില്‍ നിന്ന് ആറ് പേര്‍ക്കാണ് വജ്രജൂബിലി ഫെല്ലോഷിപ്പ് ലഭിച്ചിരിക്കുന്നത്. നാല് പേര്‍ക്ക് 8 മാസങ്ങള്‍ക്ക് മുമ്പ് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഞായറാഴ്ചകളില്‍ ദീപ്തി കോളേജിലും ശനിയാഴ്ച നരിയംപാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലും സംഗീതം, ചിത്രരചന, കഥകളി, ചെണ്ട, ഫോട്ടോഗ്രാഫി എന്നിവയിലും തൊടുപുഴ ബ്ലോക്കിന് കീഴില്‍ പുറപ്പുഴയില്‍ മുടിയേറ്റിനും സൗജന്യ പരിശീലനം നല്‍കി വരുന്നതായി സാംസ്‌കാരിക വകുപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. സൂര്യലാല്‍ അറിയിച്ചു.