ചടുലതാളത്തിൽ കാടിൻ്റെ കഥയും ചുവടുമായി കാട്ടുനായ്ക്കരുടെ കോലടിയും ഞങ്ങ ഗോത്രോത്സവത്തിന് ആവേശം പകർന്നു. പൂക്കോട് എം.ആർ.എസ്സിലെ വിദ്യാർത്ഥികളാണ് കോൽക്കളി അവതരിപ്പിച്ചത്. കാർഷിക ഉത്സവമായ വിഷുവിന് മുന്നേ വൃതാനുഷ്ഠാന ചടങ്ങുകളോടെയാണ് കാട്ടുനായ്ക്കർ കോലടിയുമായി ഇറങ്ങുക. വനഗ്രാമങ്ങളിലെ വീടുവീടാന്തരം കയറി കിരീടധാരിയായ കോലധാരിയും സ്ത്രീ വേഷം കെട്ടിയ പ്രധാന വേഷക്കാരനും അനുഷ്ഠാന ആചാരവുമായാണ് ഇവരിറങ്ങുക. കാർഷിക വയനാടിൻ്റെ നല്ല കാലത്തിലേക്കുള്ള ഈരടികൾ പാടി കുടുംബനാഥനിൽ നിന്നും ദക്ഷിണയും സ്വീകരിച്ചാണ് ഇവർ മടക്കുക. വിഷുനാളിന് പുലർച്ചെ തിരുനെല്ലി പെരുമാളിൻ്റെ സന്നിധിയിലാണ് ഇവർ കോൽക്കളി അവസാനിപ്പിക്കുക. കാടിൻ്റെ ഉള്ളറകളിൽ നിന്നും ഗ്രാമജീവിത ചാരുതകളുമായി പുറപ്പെട്ടിറങ്ങുന്ന ഈ അനുഷ്ഠാനങ്ങളുടെയും സംഗമ വേദിയായി ഞങ്ങ ഗോത്രോത്സവം മാറുകയായിരുന്നു.