പൈതൃകം മുടി കെട്ടിയ പുൽകുടിലുകളുടെ തണലിൽ എൻ ഊരിന് നിറമെഴുതി ഗോത്ര വരകൾ. വയൽനാടിൻ്റെ ഗോത്ര സംസ്കൃതിയുടെ ഇന്നലെകളെ കാതിട്ട കളിമൺ കൂജകളിലേക്ക് പകർത്തിയാണ് ‘ഞങ്ങ’ ഗോത്രോത്സവം ശ്രദ്ധയാകർഷിച്ചത്. മഞ്ചാടിക്കമ്മലിട്ട ആദിവാസി സ്ത്രീകളും കാടിറമ്പങ്ങളും വനവാസ ജീവിതങ്ങളുമാണ് ചിത്രങ്ങളായി മാറിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഗോത്ര പൈതൃകോത്സവം ചിത്രകലാ ക്യാമ്പിൽ എം.ആർ.രമേഷ്, രാജേഷ് അഞ്ചിലൻ, കെ.പി.ദീപ, പ്രസീത ബിജു എന്നിവരാണ് ഗോത്ര ജീവിത ചാരുതകളെ നിറമണിയിച്ചത്. എൻ ഊരിൻ്റെ തനത് ഭാവങ്ങളിൽ ഗോത്രഭുമികയുടെ നേർചിത്രങ്ങൾ പുതിയ കാലത്തോട് കഥ പറഞ്ഞു. ലളിതകലാ അക്കാദമി ചിത്രപ്രദർശനങ്ങളിൽ നിരവധി തവണ പങ്കെടുത്ത ചിത്രമെഴുത്തുകാരുടെ ക്യാമ്പിന് ആദ്യമായാണ് എൻ ഊര് വേദിയാകുന്നത്.