2023 ഓടെ കേരളത്തിലെ 50 പാലങ്ങൾ നവീകരിച്ചു ലൈറ്റിംഗ് സംവിധാനം സജ്ജീകരിക്കുമെന്ന് പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേവികുളങ്ങര-കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ പാലത്തിൽ സ്ഥാപിച്ച അലങ്കാര ദീപങ്ങൾ ഉദ്‌ഘടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടു വരുന്ന ലൈറ്റിംഗ് സംവിധാനം സഞ്ചാരികളെ ആകർഷിക്കുകയും വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഈ വർഷം ആഭ്യന്തര സഞ്ചാരികൾ ഏറ്റവും കൂടുതൽ ഒഴുകിയെത്തിയത് കേരളത്തിലേക്കാണ്. ഇത് സർവകാല റെക്കോർഡാണ്. കൂട്ടുംവാതുക്കൽ കടവ് പാലം എന്നും ഗ്രാമത്തിന്റെ പ്രതിരൂപമായി നിലനിൽക്കുമെന്നും അത് വഴി പ്രദേശത്തെ ടൂറിസം സാദ്ധ്യതകൾ വർധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ ആദ്യമായി ഫസാർഡ് ലൈറ്റിംഗ്(നിറം മാറ്റാൻ കഴിയുന്ന സംവിധാനം) പ്രാവർത്തികമാക്കിയ പാലമാണ് കൂട്ടുംവാതുക്കൽ കടവ് പാലം. ഏകദേശം അഞ്ച് ലക്ഷത്തിൽ പരം നിറങ്ങൾ മാറ്റിമറിച്ച് പ്രകാശം പരത്താൻ ഈ സംവിധാനത്തിന് കഴിയും. 323 മീറ്റർ നീളമുള്ള പാലത്തിൽ 25 സോളാർ സ്ട്രീറ്റ് ലൈറ്റുകൾ, പാലത്തിന്റെ ഇരുവശങ്ങളിലുമായി സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ, എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ ഇലട്രിക്കൽ ഡിവിഷനായിരുന്നു
പ്രവർത്തിയുടെ നിർമ്മാണ ചുമതല.
ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വൈദ്യുതി വിഭാഗം ഇലക്ട്രിക്കൽ ചീഫ് എഞ്ചിനീയർ കോശി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. പവനനാഥൻ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തയ്യിൽ പ്രസന്നകുമാരി, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം വയലിൽ നൗഷാദ്, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചിത്രലേഖ, ശ്രീലത കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ മോഹൻ, പൊതുമരാമത്ത് വൈദ്യുതി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എ.ആർ. ഷൈനാസ് തുടങ്ങിയവർ പങ്കെടുത്തു.