ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂരില്‍ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ബേപ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന അവലോകന യോഗത്തില്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതികള്‍ വിലയിരുത്തി.
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍ 2- ന് മുന്നോടിയായി ഡിസംബര്‍ 17 ന് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കും. മിനി മാരത്തോണ്‍, ബീച്ച് വോളി, ചുവര്‍ചിത്ര പ്രദര്‍ശനം, ബേപ്പൂര്‍ ഉരു മാതൃകകളുടെ പ്രദര്‍ശനം, കബഡി തുടങ്ങിയ പരിപാടികള്‍ വാട്ടര്‍ ഫെസ്റ്റിന് മുന്നോടിയായി നടക്കും.
ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 24 ന് സൈക്കിള്‍ റാലിയും, ഫ്ലൈ ബോര്‍ഡ് ഡെമോയും പാരാ മോട്ടറിംഗും തുടര്‍ന്ന് ഘോഷയാത്രയും നടക്കും. അന്നേദിവസം ടൂറിസം കാര്‍ണിവലിന് ചാലിയത്ത് തുടക്കമാകും.
ഡിസംബര്‍ 24 മുതല്‍ 28 വരെ വിവിധ ജല കായികമേളകളാണ് ബേപ്പൂരില്‍ അരങ്ങേറുന്നത്. സെയിലിംഗ്, കയാക്കിങ്, പട്ടം പറത്തല്‍, സര്‍ഫിംഗ് ഡെമോ, ഡിങ്കി ബോട്ട് റെയ്സ്, വലവീശല്‍, സീ കയാക്കിങ്, പട്ടം പറത്തല്‍ വര്‍ക്ക്‌ഷോപ്പ്, ബാംബൂ റാഫ്റ്റിംഗ്, ഫൈബര്‍ വള്ളം തുഴയല്‍, ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍, തദ്ദേശീയരെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രാദേശിക തലത്തിലുള്ള മത്സരങ്ങള്‍ എന്നിവയും നടത്തും.
ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ അരങ്ങേറും.
വാട്ടര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് ഫറോക്ക് പുതിയ പാലവും പഴയപാലവും ബേപ്പൂരും പരിസരപ്രദേശങ്ങളും ദീപാലംകൃതമാക്കും. മലബാറിന്റെ രുചിഭേദങ്ങള്‍ വിളിച്ചോതുന്ന ഫുഡ് ഫെസ്റ്റും
ഒരുക്കും.
യോഗത്തില്‍ ഡിഡിസി എം.എസ് മാധവിക്കുട്ടി,സബ് കലക്ടര്‍ വി ചെല്‍സാസിനി, ജില്ലാപഞ്ചായത്ത് അംഗം പി.ഗവാസ്, ടൂറിസം ജോയിന്‍ ഡയറക്ടര്‍ ടി. ജി അഭിലാഷ്, ഡിടിപിസി സെക്രട്ടറി നിഖില്‍ദാസ്, കോര്‍പ്പറേഷന്‍ നഗരസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി, ഡിസിപി ഡോ. എ ശ്രീനിവാസ്, സംഘാടകസമിതി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.