വയനാട്ടിലെ ജൈനമത സംസ്‌കൃതിയെ അടുത്തറിയാന്‍ സഞ്ചാരികള്‍ക്കും പഠിതാക്കള്‍ക്കുമായി ടൂറിസം വകുപ്പിന്റെ ജൈന്‍ സര്‍ക്ക്യൂട്ട് ഒരുങ്ങുന്നു. ജൈന സംസ്‌ക്കാരത്തിന്റെ ശേഷിപ്പുകളായ ജില്ലയിലെ 12 കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ജൈന്‍ സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേയും ജൈന്‍ സര്‍ക്ക്യൂട്ടായി ഇതുമാറും. ബീഹാറിലാണ് രാജ്യത്തെ ആദ്യ സര്‍ക്യൂട്ട് നിലവില്‍ വന്നത്. കല്‍പ്പറ്റ മൈലാടിപ്പാറ (ചന്ദ്രനാഥഗിരി), പുളിയാര്‍മല അനന്തനാഥ് സ്വാമി ജൈന ക്ഷേത്രം, വെണ്ണിയോട് ശാന്തിനാഥ സ്വാമി ജൈന ക്ഷേത്രം, പനമരം പാലുകുന്ന് പരശ്വനാഥ ജൈന ക്ഷേത്രം, അഞ്ചുകുന്ന് പരശ്വനാഥ സ്വാമി ജൈന ക്ഷേത്രം, മാനന്തവാടി പാണ്ടിക്കടവ് ആദീശ്വര സ്വാമി ജൈന ക്ഷേത്രം, കൊയിലേരി പുതിയിടം ആദീശ്വര ജൈന ക്ഷേത്രം, പുത്തനങ്ങാടി ചന്ദ്രനാഥ സ്വാമി ജൈന ക്ഷേത്രം, വരദൂര്‍ അനന്തനാഥ സ്വാമി ജൈന ക്ഷേത്രം, സുല്‍ത്താന്‍ ബത്തേരി പുരാതന ജൈന ക്ഷേത്രം എന്നീ ജൈന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സര്‍ക്യൂട്ട് രൂപീകരിക്കുന്നത്. ജൈനകേന്ദ്രങ്ങളെ അടുത്തറിയാന്‍ പുതിയ തലമുറകള്‍ക്കായി സര്‍ക്ക്യൂട്ട് സഹായകരമാകും.
450 ഓളം ജൈന കുടുംബങ്ങളിലായി രണ്ടായിരത്തില്‍ താഴെ ആളുകളാണ് വയനാട്ടില്‍ അധിവസിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജൈനമതക്കാരുള്ളതും വയനാട്ടിലാണ്. മാനന്തവാടി, പനമരം, കണിയാമ്പറ്റ, കല്‍പ്പറ്റ, വെണ്ണിയോട്, വരദൂര്‍, അഞ്ച്കുന്ന് എന്നിവിടങ്ങളാണ് വയനാട്ടിലെ പ്രധാന ജൈന ആവാസ പ്രദേശങ്ങള്‍. ഇവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അടുത്തറിയാനും ജൈന്‍ സര്‍ക്ക്യൂട്ട് വഴികാട്ടും.
ജൈന്‍ റൈഡ് 17 ന്
വയനാട് ജൈന്‍ സര്‍ക്ക്യൂട്ടിന്റെ പ്രചരണാര്‍ത്ഥം ജൈന്‍ റൈഡ് – സീസണ്‍ 2 എന്ന പേരില്‍ സൈക്കിള്‍ റൈഡ് സംഘടിപ്പിക്കും. ഡിസംബര്‍ 17 ന് രാവിലെ 7 ന് കല്‍പ്പറ്റ മൈലാടിപ്പാറയില്‍ നിന്നും തുടങ്ങുന്ന സൈക്കിള്‍ റൈഡ് മാനന്തവാടി വഴി സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിക്കും. മൂന്ന് താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 കേന്ദ്രങ്ങളിലൂടെ 100 കിലോമീറ്ററില്‍ അധികം ദൂരം സഞ്ചരിക്കും. ജില്ലയിലെ 35 ഓളം റൈഡര്‍മാര്‍ പങ്കെടുക്കും. യാത്രയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ജൈനകേന്ദ്രങ്ങള്‍ വൃത്തിയാക്കുന്ന സ്വച്ഛത ഡ്രൈവ്, ജൈന കേന്ദ്രങ്ങളുടെ വിവരങ്ങളടങ്ങിയ ലഘുലേഖാ ക്യാമ്പയിന്‍ എന്നിവയും സംഘടിപ്പിക്കും. കേന്ദ്ര ടൂറിസം മന്ത്രാലയം, വയനാട് ജൈന സമാജം, വയനാട് ബാക്ക്ബാക്കേഴ്‌സ് ടൂറിസം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജൈന്‍ റൈഡ് സംഘടിപ്പിക്കുന്നത്. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ജൈനസമാജം പ്രസിഡന്റ് സി.വി നേമി രാജന്‍ എന്നിവര്‍ പങ്കെടുത്തു.