*ഇടുക്കി ജില്ലാ കേരളോത്സവത്തിന് തുടക്കമായി

സമ്പൂർണ കായിക ശേഷി നല്ല മാനസികാരോഗ്യമുള്ള വ്യക്തിക്ക് അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നല്ല ചിന്തകൾക്കും ഉണർന്ന പ്രവർത്തനങ്ങൾക്കും നല്ല തീരുമാനങ്ങൾ എടുക്കുന്നതിനും സമ്പൂർണ കായിക ശേഷി ആവശ്യമാണ്. വ്യായാമ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ പ്രബുദ്ധരാക്കുന്നതിനും കേരളോത്സവം പോലുള്ള മേളകൾ സഹായകരമാകും. നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കായികരംഗത്തും കലാരംഗത്തുമുണ്ടാകേണ്ട മാറ്റങ്ങൾ. കലാ രംഗത്തും കായികരംഗത്തുമെല്ലാം വലിയ നേട്ടങ്ങൾ കൈവരിച്ചവരും എന്നാൽ പൂർണ്ണമായും സാഹചര്യങ്ങൾ ലഭിക്കാതെ പോയവരും ഈ മേളയിൽ അണിനിരക്കുന്നുണ്ട്. യുവതി യുവാക്കൾക്കെല്ലാം അവസരം ഒരുക്കി അവരിൽ അന്തർലീനമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരും യുവജനക്ഷേമ ബോർഡും ത്രിതല പഞ്ചായത്തുകളും വലിയ പ്രോത്സാഹനമാണ് ഇതിന് നൽകി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷീബാ ജോർജ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ടി മനോജ്‌, അഴുത ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി എം നൗഷാദ്, ചക്കുപള്ളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഉഷാ കുമാരി മോഹൻകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ രാരിച്ചൻ നീർണാകുന്നേൽ അഡ്വ ഭവ്യ എം, ആശ ആന്റണി, എസ് പി രാജേന്ദ്രൻ, ജില്ലാ പ്ലാനിങ് ഓഫിസർ ഡോ സാബു വർഗീസ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ രമേശ് കൃഷ്ണൻ, യൂത്ത് പ്രോഗ്രാം ഓഫിസർ ശങ്കർ എം എസ്, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പി ജെ തങ്കച്ചൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സമൂഹ്യ സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.
സെന്റ് തോമസ് പാരിഷ് ഹാൾ, അണക്കര എസ് എൻ ഡി പി ഓഡിറ്റോറിയം എന്നീ വേദികളിലായി ഇന്നലെ (15) രാവിലെ കലാ മത്സരങ്ങളോടെ ജില്ലാ തല മത്സരങ്ങൾ ആരംഭിച്ചു. ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളിൽ നിന്നുമായി ആയിരത്തിലേറെ മത്സരാർത്ഥികളാണ് വിവിധ കലാ കായിക ഇനങ്ങളിൽ മത്സരിക്കുന്നത്. സംസ്ഥാനതല കേരളോത്സവം കലാ മത്സരങ്ങൾ ഡിസംബർ 18 ന് ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ 16 ന് മുൻപായി നടത്തേണ്ടത് പരിഗണിച്ച് ജില്ലാതല കലാ മത്സരങ്ങളും രചന മത്സരങ്ങളും ആദ്യ ദിനം തന്നെ പൂർത്തീകരിച്ചു.
കായിക മത്സരങ്ങൾ 17, 18 തീയതികളിൽ നടത്തും. ചക്കുപള്ളം ട്രൈബൽ സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും അണക്കര മോണ്ട് ഫോർട്ട്‌ സ്കൂൾ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരവും, ചെസ്സ് മത്സരവും, കബഡി മത്സരവും, ബാസ്ക്കറ്റ്ബോൾ മത്സരവും നവജീവൻ പബ്ലിക് ലൈബ്രറി ചേറ്റുകുഴിയിൽ വച്ച് വോളിബോൾ മത്സരവും കുങ്കിരിപെട്ടി ലയൺസ് ഹാളിൽ ഷട്ടിൽ മത്സരവും രാവിലെ 9 മണിക്ക് ആരംഭിക്കും. നീന്തൽ മത്സരങ്ങൾ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ ആണ് നടക്കുന്നത്. നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റലിൽ വെച്ച് ആർച്ചറി മത്സരങ്ങളും നടക്കും. ഇരു മത്സരങ്ങളും രാവിലെ 10 മണിക്ക് ആരംഭിക്കും. ഡിസംബർ 18 ന് അത്‌ലറ്റിക്സ്, വടംവലി, പഞ്ചഗുസ്തി മത്സരങ്ങൾ അണക്കര മോണ്ട് ഫോർട്ട്‌ സ്കൂളിൽ വച്ച് നടക്കും. അത്‌ലറ്റിക്സ് മത്സരങ്ങൾ രാവിലെ 9 മണി മുതലും വടംവലി മത്സരങ്ങൾ ഉച്ചയ്ക്ക് ഒരു മണിമുതലും പഞ്ചഗുസ്തി മത്സരങ്ങൾ ഉച്ചയ്ക്കു ശേഷം രണ്ടു മണി മുതലും ആരംഭിക്കും.