സ്കൂൾ ചുവരിൽ തങ്ങൾ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പ്രകൃതിയും ജീവിതവും കോറിയിട്ട് അത്ഭുതപ്പെടുത്തി പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ. പൂവും പൂമ്പാറ്റയും മരവും മലയും എന്നുവേണ്ട സ്വന്തം സംസ്കാരവും മാതാപിതാക്കളുംവരെ ഈ കുട്ടികൾക്ക് വരയ്ക്കുള്ള പ്രമേയങ്ങളാണ്.

കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞുകൊണ്ട് ചുവരിൽ വരയ്ക്കാനുള്ള അനുമതിയും ചായക്കൂട്ടുകളും നൽകിയപ്പോൾ നിറങ്ങളാൽ ഇങ്ങനെയൊരു വിസ്മയം അവർ തീർക്കുമെന്ന് കരുതിയില്ലെന്നു എംആർഎസ് വടക്കാഞ്ചേരിയിലെ സീനിയർ സൂപ്രണ്ട് എസ് വി സലിത പറയുന്നു. സ്കൂളിലെ നല്ലൊരു ശതമാനം കുട്ടികളും ഈ ഉദ്യമത്തിൽ പങ്കാളികളായെന്നും സൂപ്രണ്ട് പറഞ്ഞു.

അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 206 കുട്ടികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. ചിത്രരചനയ്ക്ക് പുറമേ ചിരട്ടകൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും ഇവർ ഉണ്ടാക്കുന്നുണ്ട്. അട്ടപ്പാടി, വാളയാർ, നെല്ലിയാമ്പതി, വാഴച്ചാൽ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.