ഇഎംഎസ് ഉയർത്തിയ ജനാധിപത്യ ചർച്ചകൾക്ക് വേദിയാകുന്ന പൊതുയിടമെന്ന് മന്ത്രി

നഗരത്തിരക്കുകൾക്കിടയിൽ ഒന്ന് വിശ്രമിക്കാനും സ്വയം പുതുക്കുന്ന കലാ സാംസ്കാരിക ആശയവിനിമയങ്ങൾക്ക് വേദിയാകാനും തൃശൂരിന്റെ നഗരകേന്ദ്രത്തിൽ ഇനി ഇടമുണ്ടാകും. മുൻസിപ്പൽ ബസ് സ്റ്റാന്റിനടുത്ത് അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച ഇഎംഎസ് ഓപ്പൺ തീയറ്ററാണ് നഗരമധ്യത്തിൽ പൊതു വേദിയാവുക. തൃശൂർ കോർപ്പറേഷന്റെ 54-ാം കർമ്മ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഇഎംഎസ് സ്ക്വയർ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നാടിന് സമർപ്പിച്ചു.

പൊതുയിടം എന്ന നിലയിൽ ധാരാളം മൈതാനങ്ങളുള്ള തൃശൂരിൽ ഏറ്റവും അർത്ഥപൂർണമായ ഒരു സ്ഥലമാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ വികസിപ്പിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

സാംസ്കാരിക തലസ്ഥാനമായ തൃശൂരും ഇഎംഎസും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഏതൊരു വിഷയത്തെ സംബന്ധിച്ചും കൃത്യമായ അഭിപ്രായമുള്ള നേതാവായിരുന്നു അദ്ദേഹം. അവയെല്ലാം തന്നെ ദീർഘകാല കാഴ്ചപ്പാടോടെ ഉള്ളവയായിരുന്നു. പരസ്യമായി അഭിപ്രായം പറയാനുള്ള വേദികളും കേൾക്കാനുള്ള കാണികളും എക്കാലവും ഉണ്ടായിരുന്നു എന്നതാണ് തൃശൂർ നഗരത്തിന്റെ പ്രത്യേകത. ജനാധിപത്യ ബോധത്തിന്റെ ഉൾക്കരുത്ത് കൊണ്ടുണ്ടാകുന്നതാണത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് ഉൾപ്പെടെ വെല്ലുവിളിയാകുന്ന സാമൂഹിക സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അവിടെയാണ് ഇഎംഎസിനെ പോലുള്ള നേതാവ് സ്മരിക്കപ്പെടുന്നത്. അദ്ദേഹം ഉയർത്തിയ ആശയങ്ങൾക്കും ജനാധിപത്യ ചർച്ചകൾക്കുമായി ഒരു സെന്റർ ഉണ്ടാവുക എന്നത് പ്രധാനമാണ്. ഇഎംഎസ് നടത്തിയ ചർച്ചകൾക്ക് സമാനമായി ചർച്ച ചെയ്യാൻ ഒരു പൊതുയിടം ഉണ്ടായി എന്നത് ഏറെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ നേതാവാണ് ഇഎംഎസ് എന്ന് പറഞ്ഞ മന്ത്രി വിദ്യാർത്ഥി രാഷ്ട്രീയ കാലത്തെ ഓർമ്മകളും പങ്കുവെച്ചു.

സാംസ്കാരിക നഗരിയിൽ ആദ്യമായാണ് കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുടെ പേരിൽ സ്മാരകം ഉയരുന്നത്. നാടിന്റെ സാംസ്കാരിക രാഷ്ട്രീയ ചരിത്രം അടയാളപ്പെടുത്തിയ റിലീഫ് ആർട്ട് വർക്കുകളും ചത്വരത്തിന് മോടി കൂട്ടുന്നു.

ഇ എം എസിന്റെ വെങ്കല ശിൽപം പൂർത്തിയാക്കിയ ശിൽപി പ്രേംജിയെയും ഇഎംഎസ് സ്ക്വയറിന്റെ കരാറുകാരനെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഓപ്പൺ എയർ തിയേറ്ററിൽ പഴയകാല ഗാനങ്ങൾ കോർത്തിണക്കി ത്യശൂർ റാഫി നയിച്ച “കൊയ്തെടുക്കുന്ന കതിരുകൾ” സംഗീത വിരുന്ന് അരങ്ങേറി.

ഇഎംഎസ് ഓപ്പൺ തീയറ്ററിൽ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ബാബു, സാറാമ്മ റോബ്സൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, പി കെ ഷാജൻ, സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി ജോർജ്, അസിസ്റ്റന്റ് എൻജിനീയർ മഹേന്ദ്ര, കോർപ്പറേഷൻ സെക്രട്ടറി ആർ രാഹേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.