ആലപ്പുഴ: ഹൃദയ ചികിത്സയിൽ അതിനൂതനമായ ശസ്ത്രക്രിയ രീതിയായ മിനിമൽ ഇൻവാസിവ് കാർഡിയക് സർജറി വിജയകരമാക്കിയിരിക്കുകയാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. സാധാരണ രീതിയിൽ ഹൃദയ ശസ്ത്രക്രിയ രോഗിയുടെ നെഞ്ചിൻകൂട് തുറന്നാണ് ചെയ്യാറുള്ളത്. എന്നാൽ ഈ അതിനൂതന ശസ്ത്രക്രിയ രീതിയിൽ രോഗിയുടെ ഇടത് വശത്തെ വാരിയെല്ലിന്റെ വിടവിലൂടെ ചെറിയ മുറിവുണ്ടാക്കിയുള്ള സർജറിയാണ് നടത്തുന്നത്. ആലപുഴ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ രീതിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്.

ആലപ്പുഴ കഞ്ഞിപ്പാടം മടവനമഠം വീട്ടിൽ 48 വയസ്സുകാരി ശ്രീദേവിയാണ് ശസ്ത്രക്രിയ്ക്ക് വിധേയയായത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഡോ. കെ റ്റി ബിജു, ഡോ. എസ് ആനന്ദകുട്ടൻ, ഡോ. എ ഫൈസൽ, അനസ്തേഷ്യ വകുപ്പ് മേധാവി ഡോ. ഹരികൃഷ്ണൻ, ഡോ. തന്ന, ഡോ. ബ്രിജേഷ്, ഡോ. അശ്വതി തുടങ്ങിയവരാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

സ്വകാര്യമേഖലയിൽ ഏകദേശം പത്ത് ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് വഴി സൗജന്യമായാണ് രോഗിക്ക് ലഭ്യമാക്കിയതെന്നും സാങ്കേതിക പരിമിതികൾക്കിടയിലും ജീവനക്കാരുടെ ഒത്തൊരുമയാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്നും ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.രതീഷ് രാധാകൃഷ്ണൻ പറഞ്ഞു.ശരീരത്തിലെ എല്ലുകൾ ഒന്നും മുറിക്കാതെ ചെയ്യുന്ന ഈ നൂതന രീതിയിൽ നെഞ്ചിൽ ഉണ്ടാകുന്ന അണുബാധ, കലകൾ എന്നിവ ഒഴിവാക്കാനും വെന്റിലേറ്റർ സഹായത്തിന്റെ ദൈർഘ്യം കുറയ്ക്കാനും രോഗിയുടെ ആശുപത്രിവാസം കുറച്ച് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യം കൈവരിക്കുന്നതിനും സാധിക്കും.

ഹൃദയ ശസ്ത്രക്രിയ രംഗത്തെ അധിനൂതന സാങ്കേതിക ഉപകരണങ്ങൾ വാങ്ങുന്നതിന്റെ ടെൻഡർ നടപടികൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ഇത് ലഭ്യമാക്കുന്നതോടെ വാൽവ് ശസ്ത്രക്രിയ അടക്കമുള്ള ഹൃദയ ശസ്ത്രക്രിയകൾ എം.ഐ. സി. എസ്. ലേക്ക് മാറ്റാൻ സാധിക്കും. അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തനമാരംഭിക്കുന്നതോടു കൂടി സ്വകാര്യമേഖലയിൽ ലക്ഷങ്ങൾ ചെലവാകുന്ന ഇത്തരം ചികിത്സകൾ രോഗികൾക്ക് പൂർണമായ തോതിൽ സൗജന്യമായി നൽകാൻ ആശുപത്രിക്ക് സാധിക്കും.