ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാ​ഗമായി ജില്ലയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ 2024 -ഓ‌ടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൊണ്ടയാ‌ട് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ​സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സർക്കാരാണ് രാജ്യത്ത് ആദ്യമായി ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക ചെലവഴിക്കാൻ തയ്യാറായതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ വിവാദമുണ്ടാക്കി വികസനം മുടക്കുകയല്ല, മറിച്ച് ചർച്ചകളിലൂടെ വികസനം എത്രയും വേ​ഗത്തിൽ നടപ്പാക്കുകയാണ് വേണ്ടത്. ഇതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേരളത്തിലെ റോഡ് വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ദേശീയപാത വികസനത്തിൽ കേരളം സ്വീകരിച്ച നിലപാടിനെ കേന്ദ്രമന്ത്രി നിധിൻ ​ഗഡ്​ഗരി പ്രശംസിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎച്ച് 66 ൽ 28.4 കിലോമീറ്ററിൽ 1853 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്ര സർക്കാർ ആറ് വരി ബൈപാസ് നിർമ്മിക്കുന്നത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബർ പാർക്ക്, അഴിഞ്ഞിലം, പന്തീരാങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിൽ ഏഴ് മേൽപാലങ്ങളും, മലാപ്പറമ്പ്, വേങ്ങേരി എന്നിവി‌ടങ്ങളിൽ ഭൂ​ഗർഭപാതകളും, നാല് അടിപാതകളുമുള്ള ബൈപാസ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ റൂട്ടിലെ ഗതാഗതക്കുരുക്കിനു വലിയൊരു പരിഹാരമാകും.

ദേശീയപാത അതോറിറ്റി ഉദ്യോ​ഗസ്ഥനായ ഷഫിൻ, കൺസൾട്ടൻസി എഞ്ചിനിയർമാരായ കെ.പി പ്രഭാകരൻ, പി.എൻ ശശികുമാർ, അഭിലാഷ് കെ.ധർമ്മ, കെ.എം.സി പ്രോജക്ട് മാനേജർ ദേവരാജ റെഡ്ഡി തുടങ്ങിയവർ സംബന്ധിച്ചു.