ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററും സില്‍കോ സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണിന്റെ ഉദ്ഘാടനം കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഊര്‍ജ്ജകിരണിന്റെ ഭാഗമായി സെമിനാര്‍, ശില്‍പശാല, ഊര്‍ജ്ജസംരക്ഷണ റാലി, പ്രതിജ്ഞ, ഒപ്പ് ശേഖരണം, താലൂക്ക് തല ഹ്രസ്വ വീഡിയോ നിര്‍മ്മാണം, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ജീവിതശൈലി-ഊര്‍ജ്ജകാര്യ ശേഷി എന്ന വിഷയത്തില്‍ ഗ്രാഫിക് വാള്‍, പെയിന്റിങ്, ഹോള്‍ഡറുകള്‍, കട്ട് ഔട്ടുകള്‍ തുടങ്ങിയവ സ്ഥാപിക്കല്‍, വൈദ്യുതി വാഹന ഉടമകളുടെ ജില്ലാതല സംഗമം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് നടന്ന റാലി കണ്ണാടി ഗ്രാമപഞ്ചായത്ത് അംഗം എ. രമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. സില്‍ക്കോ പ്രസിഡന്റ് ആര്‍. സേതുമാധവന്‍ അധ്യക്ഷനായ പരിപാടിയില്‍ ‘ജീവിതശൈലിയും ഊര്‍ജ്ജ സംരക്ഷണവും’ വിഷയത്തില്‍ ഇ.എം.സി കേരള റിസോഴ്‌സ് പേഴ്‌സണ്‍ എ. നിയാസ് ക്ലാസെടുത്തു. പരിപാടിയില്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. നാരായണന്‍, പി. സുശീല, കെ.എസ്.ഇ.ബി എന്‍ജിനീയര്‍ എ. ഷറഫുദ്ദീന്‍, സില്‍ക്കോ ഡയറക്ടര്‍ കെ. മാലി, അനര്‍ട്ട് ജില്ലാ ഓഫീസര്‍ പി.പി പ്രഭ, എം. മോഹനന്‍, ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.