വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 നകം ലഭ്യമാകുന്ന എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും ഡിസംബര്‍ 26 നകം പരിഹരിക്കണമെന്ന് ജില്ലയിലെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ വെങ്കിടേശപതി നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു നിര്‍ദ്ദേശം. 18, 19 പ്രായമായവരുടെ വിവരങ്ങള്‍ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ ഊര്‍ജ്ജിതനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒബ്‌സര്‍വര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ഇ.ആര്‍.ഒ, താലൂക്ക് തല  ഉദ്യോഗസ്ഥര്‍, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.