ഡിസംബർ 24 ന് ആരംഭിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചുള്ള പരിപാടികൾക്ക് ബേപ്പൂരിൽ തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായി പുലിമുട്ട് മറീന ബീച്ചിലൊരുക്കിയ ഉത്തരവാദിത്ത ടൂറിസം മിഷൻ എക്സിബിഷൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തിന്റെ പ്രത്യേകതകൾ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുന്ന വിധത്തിൽ ആവിഷ്കരിക്കപ്പെടുന്നു എന്നതാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനെ വ്യത്യസ്തമാക്കുന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ബേപ്പൂർ ഫെസ്റ്റിനു മന്ത്രി ആശംസകളറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് അധ്യക്ഷനായിരുന്നു. ബേപ്പൂരിന്റെ സ്നേഹോപഹാരം അദ്ദേഹം മന്ത്രി വീണ ജോർജ്ജിന് സമ്മാനിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷനു കീഴിൽ പരിശീലനം നേടിയ സംരംഭകരാണ് എക്‌സിബിഷനിൽ ഉത്പന്നങ്ങളുമായെത്തിയത്. ബേപ്പൂരിന്റെ മുഖമുദ്രയായ ഉരുവിന്റെ വ്യത്യസ്ത വലിപ്പത്തിലുള്ള മാതൃകകൾ മുതൽ സുഗന്ധവ്യഞ്ജനങ്ങളുപയോഗിച്ച് നിർമ്മിച്ച മെഴുകുതിരികൾ, സോപ്പുകൾ, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ, പേപ്പർ ബാഗ്, ബോട്ടിൽ ആർട്ട്, മ്യൂറൽ പെയിന്റിംഗ്, ഇന്റീരിയർ പ്ലാന്റ്സ് തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ട്. വാട്ടർ ഫെസ്റ്റ് ആരംഭിക്കുന്നതോടെ എക്സിബിഷൻ പൂർണ്ണ തോതിൽ സജ്ജമാകും. പരിപാടിയോടനുബന്ധിച്ചു സിനിമ പിന്നണി ഗായകർ സുനിൽ കുമാറും ഉണ്ണിമായയും അവതരിപ്പിച്ച ബാബുരാജ് നൈറ്റ് സംഗീത നിശയും ബീച്ചിൽ അരങ്ങേറി.

കടലുണ്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി. അനുഷ, നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, വാർഡ് കൗൺസിലർമാരായ കെ സുരേശൻ, എം ഗിരിജ ടീച്ചർ, വാടിയിൽ നവാസ്, രജനി തോട്ടുങ്ങൽ, പി രാജീവ്, ടി കെ ഷമീന, ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി, സബ് കലക്ടർ വി. ചെൽസ സിനി, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി പി നിഖിൽ ദാസ്, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീകല ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.