താലൂക്കാശുപത്രി പുതിയ ബ്ലോക്കിന്റെയും ഫയര്‍ ആന്‍ഡ് സേഫ്റ്റി വാട്ടര്‍ ടാങ്കിന്റെയും നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചുജില്ലയുടെ ആരോഗ്യരംഗത്ത് മര്‍മ്മപ്രധാനമായ സ്ഥാനം അടിമാലി താലൂക്കാശുപത്രിക്ക് ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഈ പ്രദേശത്തിന് അത് അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അടിമാലി താലൂക്കാശുപത്രി പുതിയ ബ്ലോക്കിന്റെയും ഫയര്‍ ആന്‍ഡ് സേഫ്റ്റി വാട്ടര്‍ ടാങ്കിന്റെയും നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പ്രാഥമികാരോഗ്യ രംഗത്ത് മറ്റൊരു സംസ്ഥാനത്തിനും ആര്‍ജ്ജിക്കാന്‍ കഴിയാത്ത നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചിട്ടുള്ളത്. സംസ്ഥാന രൂപീകരണഘട്ടം മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം അക്കാര്യത്തില്‍ വലിയ പങ്കാളിത്തം വഹിച്ചു. ജില്ലയുടെ രൂപീകരണഘട്ടം മുതല്‍ ആരോഗ്യരംഗത്ത് മോശമല്ലാത്ത വളര്‍ച്ച രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. സര്‍ക്കാര്‍ ഫീസില്‍ കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ജില്ലയില്‍ സൗകര്യമൊരുങ്ങി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ രൂപപ്പെടുത്തി. കഴിഞ്ഞ പത്ത്, പന്ത്രണ്ട് വര്‍ഷക്കാലം കൊണ്ട് വലിയ രീതിയിലുള്ള മാറ്റം ഇടുക്കി മെഡിക്കല്‍ കോളേജിനുണ്ടായി. വരും കാലങ്ങളില്‍ ഇനിയും വലിയ മാറ്റം ഉണ്ടാകും. പ്രാഥമികാരോഗ്യ രംഗത്തുണ്ടായ മാറ്റം പോലെ ഉയര്‍ന്ന ചികിത്സാ സൗകര്യങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്ള സൗകര്യങ്ങളും ജില്ലയില്‍ സാര്‍വ്വത്രികമാകേണ്ടതുണ്ട്. ടൗണ്‍ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ അടിമാലി താലൂക്കാശുപത്രിക്ക് സൗകര്യങ്ങളും അസൗകര്യങ്ങളുമുണ്ട്. ഗൈനക്കോളജി വിഭാഗം നന്നായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ഒന്നാണ് അടിമാലി താലൂക്കാശുപത്രി. അടിസ്ഥാന സൗകര്യങ്ങളില്‍ ചില കുറവുകളുണ്ട്. അത് നികത്തികൊണ്ടു പോകേണ്ടത് അനിവാര്യമാണ്. അക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ശുദ്ധജല ലഭ്യത ഉറപ്പു വരുത്താന്‍ ജലസേചനവകുപ്പ് കഴിയുന്നത്ര ശ്രമിക്കുകയാണ്. ജലസേചന വകുപ്പ് കര്‍ഷക സൗഹൃദ വകുപ്പാക്കി മാറ്റുകയാണ് ലക്ഷ്യം. നാല്‍പ്പത്തിനാല് നദികളുണ്ട്. പക്ഷെ ശുദ്ധമായ കുടിവെള്ളം ലഭിക്കാനില്ല. ഇതിനെല്ലാം മാറ്റം വരുത്താന്‍ ഉതകുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹായത്തോടു കൂടി ജലജീവന്‍ പദ്ധതി നല്ലനിലയില്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ ഉണ്ടായിരുന്ന വാട്ടര്‍ അതോററ്റിയുടെ കണക്ഷന്‍ പതിമൂന്ന് ലക്ഷമായിരുന്നു. ഒന്നര വര്‍ഷക്കാലം കൊണ്ട് പതിമൂന്ന് ലക്ഷം കൂടി കൂടുതലായി നല്‍കി. കേരളത്തിലെ ഗ്രാമീണ വീടുകളുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരത്തിന് മുകളിലാണ്. 2024 ആകുമ്പോള്‍ എഴുപത് ലക്ഷത്തി എണ്‍പതിനായിരം വീടുകളിലും ജലം ശുദ്ധീകരിച്ച് ടാപ്പുകളിലൂടെ വീടുകളില്‍ എത്തിക്കും. ശുദ്ധജലമെത്തിക്കുന്ന കാര്യങ്ങള്‍ക്കായി 710.03 കോടി രൂപയുടെ ഭരണാനുമതി ദേവികുളം മണ്ഡലത്തിന് നല്‍കി കഴിഞ്ഞു. ജില്ലയിലാകെ 2737 കോടി രൂപ ഇതിനോടകം അനുവദിച്ച് കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

താലൂക്ക് ആശുപത്രിയില്‍ 376.578 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ള സി സി യു കാത് ലാബ് കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി കിഫ്ബി ഫണ്ടായ 13.91 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒ പി ഡയഗ്നോസ്റ്റിക് കെട്ടിടത്തിന്റേയും ഫയര്‍ & സേഫ്റ്റി വാട്ടര്‍ ടാങ്കിന്റേയും നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് ഒ പി യൂണിറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇവിടേക്ക് മാറ്റും. കൂടാതെ ആധുനിക എക്സ്റേ യൂണിറ്റിന്റെ പ്രവര്‍ത്തനവും ഇവിടേക്ക് മാറ്റി സ്ഥാപിക്കും.

അഡ്വ.എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു. അടിമാലി താലൂക്കാശുപത്രിയുടെ വികസനം ഏറ്റവും ഗൗരവകരമായി പരിഗണിക്കാം എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെന്ന് എം എല്‍ എ പറഞ്ഞു. 2013ല്‍ അടിമാലിയില്‍ പ്രഖ്യാപിച്ച അമ്മയും കുഞ്ഞും ആശുപത്രി വീണ്ടും ആരംഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ പുതുക്കിയ അനുമതി ആവശ്യമാണ്. അതിനുവേണ്ടിയുള്ള ശ്രമത്തിലാണിപ്പോള്‍. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ അടിമാലി താലൂക്കാശുപത്രിയിലെ തിരക്ക് കുറച്ച് കൊണ്ടുവരാന്‍ സാധിക്കുമെന്നും എം എല്‍ എ വ്യക്തമാക്കി.

താലൂക്കാശുപത്രി അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സിയാദ്, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. സുരേഷ് വര്‍ഗ്ഗീസ് എസ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പ്രസീത, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.