ചാലക്കുടിയിൽ ട്രാംവേ മ്യൂസിയം സജ്ജീകരിക്കുന്നതിനായി അനുമതി ലഭിച്ച ഭൂമിയുടെ രേഖകൾ കൈമാറി. സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ തഹസിൽദാർ ഇ എൻ രാജു പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ എസ് ഭൂപേഷിനാണ് രേഖകൾ കൈമാറിയത്.

1.42 കോടി രൂപ ചെലവിലാണ് മ്യൂസിയം സജ്ജീകരിയ്ക്കുന്നത്. ചാലക്കുടി വില്ലേജിൽ ഉൾപ്പെട്ട റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 50സെന്റ് സ്ഥലം പുരാവസ്തു വകുപ്പിന് ഉപയോഗാനുമതി നൽകി കൈമാറുവാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു.

നിർദിഷ്ട സ്ഥലത്ത് നിലനിൽക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് മ്യൂസിയത്തിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ ജനുവരിയോടെ ആരംഭിക്കുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ട്രാംവേ സംബന്ധമായ പഴയ രേഖകൾ, ഉപകരണങ്ങൾ ഉൾപ്പടെയുള്ള ശേഷിപ്പുകൾ അടങ്ങുന്ന പുരാവസ്തുക്കൾ മ്യൂസിയത്തിൽ എത്തിച്ച്  പൊതുജനങ്ങൾക്ക് കാണുവാൻ  സൗകര്യമൊരുക്കി മ്യൂസിയം സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ നോഡൽ ഏജൻസിയായ കേരളം മ്യൂസിയം മുഖേന രണ്ടാംഘട്ടത്തിലാണ് നടപ്പിലാക്കുക.

ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ്ജ്, വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സി ശ്രീദേവി, സൂസമ്മ ആൻ്റണി, കൗൺസിലർ ബിന്ദു ശശികുമാർ, വില്ലജ് ഓഫിസർ എ എസ് ശിവാനന്ദൻ, ആർക്കിയോളജി  വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയർ പി എസ് ഗീത തുടങ്ങിയവർ പങ്കെടുത്തു.