നാടെങ്ങും ഫുട്ബാൾ ആവേശം അലയടിക്കുമ്പോൾ കണക്കുകളും കളിവിവരങ്ങളും വെച്ചൊരു ‘ഷൂട്ടൗട്ട്‌’ സംഘടിപ്പിച്ചാണ് കലക്ട്രേറ്റ് ജീവനക്കാർ ആ ഉത്സവത്തിമിർപ്പിൽ പങ്കുചേർന്നത്.

കലക്ട്രേറ്റ് റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ക്വിസ് മത്സരം ജീവനക്കാർക്കിടയിലെ ഫുട്ബാൾ പ്രേമികളെ സംബന്ധിച്ച് അപ്രതീക്ഷിതമായൊരു ലോകകപ്പ് ‘എൻട്രി’യായി.

കോൺഫറൻസ് ഹാളിൽ നടന്ന ലോകകപ്പ് ക്വിസ് മത്സരത്തിൽ ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെ പേരിൽ 23 ടീമുകൾ പ്രാഥമിക റൗണ്ടിൽ മാറ്റുരച്ചു. കളിയും കണക്കും ഗതി നിർണയിച്ച പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ അഞ്ച് ടീമുകൾ ഫൈനൽ റൗണ്ടിലെത്തി. മത്സരത്തിലുടനീളം സ്ഥിരതയാർന്ന പോരാട്ട വീര്യം പുറത്തെടുത്ത് കാണികളെ മുൾമുനയിൽ നിർത്തിയ പ്രകടനത്തിനൊടുവിൽ 130 പോയിന്റോടെ ഡി ഡി പഞ്ചായത്തിന്റെ ടീം ‘സൗദിഅറേബ്യ’ കപ്പിൽ മുത്തമിട്ടു. ഡിസ്ട്രിക്ട് എസ് സി ഓഫീസിന്റെ ടീം ‘ക്രൊയേഷ്യ’ 85 പോയിന്റോടെ രണ്ടാം സ്ഥാനവും, ഡിസ്ട്രിക്ട് ട്രഷറി വിഭാഗത്തിന്റെ ‘മെക്സിക്കോ’ 75 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സൗദി അറേബ്യയും ക്രൊയേഷ്യയും ജപ്പാനും മെക്സിക്കോയും കൊളംബിയയും  ഫുട്ബോൾ ഫൈനൽ മത്സരത്തിൽ അണിനിരന്നപ്പോൾ ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഒരു ഫൈനൽ മത്സരം കണ്ട ആവേശത്തിലായിരുന്നു കലക്ട്രേറ്റ്. ബൂട്ടണിഞ്ഞ് മൈതാനത്തിറങ്ങുന്നതിന് പകരം കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾക്ക് കൃത്യതയാർന്ന ഉത്തരം നൽകിയാണ് മത്സരാർത്ഥികൾ ഗോൾവല തകർത്തത്.

ഇതിഹാസ താരം പെലെ നേടിയ ആകെ ഗോളുകളുടെ എണ്ണം ചോദിച്ച് തുടങ്ങിയ മത്സരത്തിൽ, ആദ്യ വേൾഡ് കപ്പിൽ കളിച്ച ടീമുകളുടെ എണ്ണം, മത്സരിച്ച ആദ്യ ആഫ്രിക്കൻ രാജ്യം,  ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ സ്വർണ്ണം, ലോകകപ്പിൽ രണ്ട് വട്ടം ഹാട്രിക് നേടിയ താരം തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു. ലോകകപ്പിന്റെ  സമഗ്ര ചരിത്രം തന്നെ ക്വിസ് മത്സര വേദിയിൽ അനാവൃതമായി.

ലോകകപ്പ് സിനിമകൾ, സാഹിത്യം, താരങ്ങൾ, അവരുടെ ചുരുക്ക പേരുകൾ എന്നിങ്ങനെ നീളുന്നതായിരുന്നു രണ്ടാം റൗണ്ടിലെ ചോദ്യങ്ങൾ. പെൺ വേഷമിട്ട പെലെ എന്ന വിളിപ്പേരുള്ള മാർത്ത മുതൽ കളിക്കളത്തിലെ ആവേശമായ ഐ എം വിജയൻ വരെ രണ്ടാം റൗണ്ടിൽ മത്സരാർത്ഥികൾക്ക് മുന്നിലെത്തി. ക്വിസ് മത്സരത്തിന്റെ ഭാഗമായി ഫുട്ബോൾ ലോകത്തെ അപൂർവ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ മത്സരം ആരാധകർക്ക് ഗൃഹാതുര സ്മരണയായി.

ബ്രസീൽ, ഇംഗ്ലണ്ട്, ജർമനി, ടുണീഷ്യ, ഇറാൻ, ഖത്തർ തുടങ്ങി വലുതും ചെറുതുമായ രാജ്യങ്ങൾ കലക്ടറേറ്റിലെ ഓരോ വിഭാഗങ്ങളെ പ്രതിനിധീകരിച് മത്സരത്തിൽ അണിനിരന്നപ്പോൾ യഥാർത്ഥ ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കുന്ന ഫ്രാൻസിനും അർജന്റീനയ്ക്കും ക്വിസ് മത്സരത്തിൽ ടീം ഇല്ലാഞ്ഞത് കൗതുകമായി. നറുക്കെടുപ്പിലൂടെ ടീമുകളെ തീരുമാനിച്ചതാണ് ഇരു രാജ്യങ്ങൾക്കും വിനയായത്. ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിംഗ് ആയിരുന്നു ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചത്.