തൃശ്ശൂർ ജില്ലയിൽ 3 വാർഡുകൾ

വിവിധ ജില്ലകളിലായി പൂർത്തിയാക്കിയ ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 10 ഐസൊലേഷൻ വാർഡുകളിൽ ജില്ലയിൽ 3 എണ്ണമാണുള്ളത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പഴയന്നൂർ സിഎച്ച്സി, പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പൂർത്തിയായ ഐസൊലേഷൻ വാർഡുകൾ ഓൺലൈനായി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

ആർദ്രം മിഷനിലൂടെ സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങൾ ആരോഗ്യമേഖലയുടെ ശേഷി വർദ്ധിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികശേഷി കൂടുതലുള്ള വികസിത രാജ്യങ്ങളിൽ പലതും കോവിഡിന് മുന്നിൽ മുട്ടുകുത്തിയപ്പോഴും കേരളത്തിന് പിടിച്ചു നിൽക്കാനായി. ഓക്സിജൻ ലഭിക്കാത്തത് കൊണ്ടുള്ള പ്രശ്നം കോവിഡ് കാലത്ത് കേരളത്തിൽ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അധ്യക്ഷത വഹിച്ചു.

കോവിഡ് പോലെയുള്ള മഹാമാരികളെയും പകർച്ച വ്യാധികളെയും നേരിടുന്നതിനായി കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ 140 നിയോജകമണ്ഡലങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച് പൂർണ്ണ സജ്ജമായ 10 ഐസൊലേഷൻ വാർഡുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

നിപ, കോവിഡ് പോലുള്ള വൈറസ് ബാധയേറ്റ രോഗികളെ മറ്റു രോഗികളിൽ നിന്ന് മാറ്റി പ്രത്യേക ചികിത്സ നടത്തുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. 10 കിടക്കകളുള്ള ഐസൊലേഷൻ വാർഡിൽ നഴ്സിംഗ് സ്റ്റേഷൻ, ഡോക്ടേഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങളോടെ 2400 ചതുരശ്ര അടിയിൽ പ്രീ ഫാബ്രിക്കേറ്റഡ് മാതൃകയിൽ നിർമ്മിച്ച കെട്ടിടവും ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഐസലേഷൻ വാർഡിന്റെ നിർമ്മാണ ചുമതല. എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും ചേർത്ത് 1.79 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്.

പഴയന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നടന്ന ചടങ്ങിൽ ശിലാഫലക അനാച്ഛാദനം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷനായി.  പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രശാന്തി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ശ്രീജയന്‍, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്‍, ജില്ലാ പഞ്ചായത്തംഗം ദീപ എസ് നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിന്ധു സുരേഷ്, ഗീത രാധാകൃഷ്ണന്‍, എം വി സുചിത്ര, പി എം അനീഷ്, ലത സാനു, പി ആശാദേവി, പി എം നൗഫല്‍, പഞ്ചായത്തംഗം എ സൗഭാഗ്യവതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി പി ശ്രീദേവി, മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ എ ജി പ്രേംകുമാര്‍, ഡോ കെ ജെ ഷീബ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. 16 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് എം എൽ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി നഫീസ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, നഗരസഭ കൗൺസിലർ ശ്രീദേവി രതീഷ്, ഡെപ്യൂട്ടി ഡി എം ഓ ഡോ. കെ എൻ സതീഷ്, ദേശീയ ആരോഗ്യ മിഷൻ പ്രോഗ്രാം മാനേജർ ഡോ. യു ആർ രാഹുൽ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു തോമസ്, എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും വേണ്ടി കെ ഡി ബാഹുലേയൻ മാസ്റ്റർ, വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ജോൺസൺ പോണല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

പഴഞ്ഞി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഐസൊലോഷൻ വാർഡിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്തംഗം പത്മം വേണുഗോപാൽ, കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ എസ് രേഷ്മ, പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.യു ബാബു, ഹെൽത്ത് സൂപ്രവൈസർ ടി എസ് സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാർ, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.