വ്യവസായ സ്ഥാപനങ്ങളിലെ തൊഴിൽ സുരക്ഷ സംബന്ധിച്ച് പോളിടെക്നിക് അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഫാക്ടറിസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഇരിങ്ങാലക്കുട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആരോഗ്യ സുരക്ഷിതത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴിൽ സുരക്ഷ സംബന്ധിച്ച് അവബോധം ഉണ്ടാക്കാനും സ്വയം പ്രതിരോധം തീർക്കാനും സാധിക്കണം. സുരക്ഷയെ കുറിച്ച് പരീശീലനം വേണം. പോളിടെക്നിക് അടക്കമുള്ള തൊഴിൽ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി പരിശീലനം നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, ഫാക്ടറി നിയമങ്ങൾ, തൊഴിലിടങ്ങളിലെ പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ ശില്പശാല നടത്തി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഫാക്ടറിസ് ആൻഡ് ബോയിലേഴ്‌സ്‌ വകുപ്പ് ഡയറക്ടർ പി പ്രമോദ് അധ്യക്ഷനായി. കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് കെപി ഭവദാസൻ ആശംസ നേർന്നു. ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ ആർ സൂരജ് കൃഷ്ണൻ, ഇരിങ്ങാലക്കുട ഫാക്ടറിസ് ആൻഡ് ബോയിലേഴ്‌സ് അഡീഷണൽ ഇൻസ്പെക്ടർ എച്ച് സിമി എന്നിവർ പങ്കെടുത്തു.