ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി വരുമാനദായകരാക്കും: മന്ത്രി ആർ ബിന്ദു

മണ്ണിലും വിണ്ണിലും താരകങ്ങൾ നിറയുന്ന ക്രിസ്മസ് രാവുകൾ കൂടുതൽ മധുരകരമാക്കി നിപ്മറിലെ കുട്ടികൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈതൊട്ട രുചികളാണ് നാവിൽ പുതുരുചി സമ്മാനിക്കുന്നത്. നിപ്മറിലെ എം -വോക്ക് വിഭാഗം പരിശീലനാർത്ഥികളുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ വിവിധതരം കേക്കുകളുടെ പ്രദർശനവും വിൽപ്പനയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

ഒരു തൊഴിൽ പരിശീലിപ്പിച്ച് വരുമാനദായകമായ സംരംഭം തുടങ്ങാൻ ഭിന്നശേഷി കുട്ടികളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി പുനരധിവാസ മേഖലയിൽ മികവിന്റെ കേന്ദ്രമായി നിപ്മർ വളർന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ യന്ത്ര സംവിധാനങ്ങളോട് കൂടിയ പരിശീലനത്തിലൂടെ സമൂഹത്തെ അറിയാനുള്ള സാധ്യതകൾ കുട്ടികൾക്ക് പകർന്ന് നൽകുകയാണ്. ദൈനംദിന ക്യത്യങ്ങൾ നിർവഹിക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്ന പരിപാടികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികൾക്കായി മലപ്പുറം ജില്ലയിൽ നടപ്പാക്കി വിജയിച്ച പാരന്റ് എംപവർമെന്റ് പ്രോഗ്രാം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

മുഴുവൻ ഭിന്നശേഷി യുവതി – യുവാക്കൾക്കും തൊഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷനുമായി കൈകോർക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. അവർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലിൽ പരിശീലനം നൽകി വരുമാനദായകരാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു.

എം – വോക്ക് വിഭാഗത്തിലെ 8 പരിശീലനാർത്ഥികളുടെ നേതൃത്വത്തിൽ നാല് ദിവസം കൊണ്ടാണ് കേക്കുകൾ തയ്യാറായത്. നിപ്മറിൽ 18 മുതൽ 30 വരെ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് എം – വോക്ക് (എംപവർമെന്റ് വൊക്കേഷണലൈസേഷൻ). ഈ പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർ പരീശീലനം, ബേക്കിംഗ് എന്നിവയിൽ പരിശീലനം നൽകി വരുന്നുണ്ട്.

കാരറ്റ് ഡേറ്റ്സ് കേക്ക്, ടീ കേക്ക്, കാരറ്റ് കേക്ക്, ചോക്ലേറ്റ് കപ്പ് കേക്ക്, പൈനാപ്പിൾ പുഡ്ഡിംഗ് കേക്ക്, ബട്ടർ സ്കോച്ച് പുഡ്ഡിംഗ് കേക്ക് തുടങ്ങി സ്നേഹം കൊണ്ടുള്ള രുചിക്കൂട്ടിൽ കേക്കിൽ വൈവിധ്യങ്ങൾ ഒരുക്കുകയാണ് കുട്ടികൾ. കല്ലേറ്റുംകര നിപ്മർ പരിസരം ഷോപ്പിംഗ് കോംപ്ലക്സിൽ ഡിസംബർ 19 മുതൽ 3 ദിവസങ്ങളായി നടക്കുന്ന കേക്ക് ഫെസ്റ്റ് നാവിന് കൊതിയുടെ പുതുപുത്തന്‍ അനുഭവം പകരുകയാണ്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെആർ ജോജോ, ആളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മേരി ഐസക്, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻ ചാർജ്) സി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.

*പ്രദർശനത്തിനുള്ള കേക്കുകൾ (വില)

ഓർഡർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പർ: 9288099586

കാരറ്റ് ഡേറ്റ്സ് കേക്ക് (500 ഗ്രാം)-250

പ്ലം കേക്ക് (500 ഗ്രാം)-220

ക്യാരറ്റ് കേക്ക് (500 ഗ്രാം)-220

ബട്ടർ സ്കോച്ച് പുഡ്ഡിംഗ് കേക്ക് (500 ഗ്രാം)- 220

പൈനാപ്പിൾ പുഡ്ഡിംഗ് കേക്ക് (500 ഗ്രാം)- 220

മാർബിൾ കേക്ക് (500 ഗ്രാം)- 240

ടീ കേക്ക് (500 ഗ്രാം) – 200

വാനില കേക്ക് (6 എണ്ണം)- 150

ചോക്ലേറ്റ് കപ്പ് കേക്ക് (6 എണ്ണം) – 180