*വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു

ശരംകുത്തിയിലെ ക്യൂ കോംപ്ലക്സില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സന്നിധാനം എ.ഡി.എം പി.വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്യൂ കോംപ്ലക്സില്‍ കൂടുതല്‍ ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. ഭക്തര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി വിവിധ ഭാഷകളിലുള്ള അനൗണ്‍സ്മെന്റ് സംവിധാനം അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മരക്കൂട്ടം മുതല്‍ ശരംകുത്തിവരെയുള്ള ശരണപാതയില്‍ എട്ടുബ്ലോക്കുകളിലായി 24 ക്യൂ കോംപ്ലക്സുകളും വിശാലമായ നടപ്പന്തലുമുണ്ട്. ഇവിടെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്‌.

വലിയ നടപ്പന്തലില്‍ നിലവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ക്യൂ സംവിധാനവുമുണ്ട്. ഇതിനുപുറമെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഇവിടെ ഒരു നിര ഒഴിച്ചിട്ടിട്ടുമുണ്ട്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും.ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കാനും തീരുമാനമായി. ഇന്നലെ (ഡിസംബര്‍ 20) വരെയുള്ള കണക്കനുസരിച്ച് ഇത്തവണ 24 തീര്‍ത്ഥാടകരാണ് മരിച്ചത്. ഭൂരിഭാഗം പേരുടെയും മരണകാരണം ഹൃദയാഘാതമാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ തീര്‍ത്ഥാടകര്‍ പതിവായി കഴിക്കുന്ന മരുന്നുകള്‍ ഒപ്പം കരുതണമെന്നും കൃത്യസമയത്ത് അവ ഉപയോഗിക്കണമെന്നും ഇക്കാര്യം ഓര്‍മ്മിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ഇടവിട്ട് അനൗണ്‍സ്‌മെന്റ് നല്‍കാനും യോഗം തീരുമാനിച്ചു. തീര്‍ത്ഥാടകര്‍ക്ക് അവശ്യഘട്ടങ്ങളില്‍ ആരോഗ്യവകുപ്പ്, കേരള പോലീസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടാവുന്നതാണ്. നടപ്പാതകളിലും മറ്റും തീര്‍ത്ഥാടകര്‍ക്ക് തടസമുണ്ടാക്കിയ മരച്ചില്ലകളെല്ലാം നിലവില്‍ വെട്ടിമാറ്റിയിട്ടുണ്ട്. ഭക്തര്‍ക്ക് സുരക്ഷിതമായി വിരിവക്കാനുള്ള സൗകര്യം ആവശ്യത്തിനുണ്ടെന്നും യോഗം വിലയിരുത്തി.

സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ആര്‍, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്റന്റ് ജി. വിജയന്‍, അസി. സ്‌പെഷ്യല്‍ ഓഫീസര്‍ നിതിന്‍രാജ് , ഡ്യൂട്ടി മജിസ്‌ട്രേറ്റ് ടി. മുരളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.