തെരുവില്‍ കഴിയുന്ന കുടുംബത്തിന് താങ്ങും തണലുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. നാദാപുരം റോഡില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ഗോവിന്ദന്‍, ലക്ഷ്മി എന്നീ ദമ്പതികളുടെ കുടുംബത്തിന് ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡും നല്‍കുകയും താമസത്തിന് ഫ്ലാറ്റിൽ സൗകര്യം ഒരുക്കുകയും ചെയ്ത് മാതൃകയായിരിക്കുകയാണ് പഞ്ചായത്ത്. അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം പദ്ധതി മുഖേനയാണ് പഞ്ചായത്ത് ഈ കുടുംബത്തിന് തുണയായത്.

കുടുംബത്തിനുള്ള ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡും പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് കൈമാറി. ഈ കുടുംബത്തിന് ആഹാരം, ആരോഗ്യ പരിശോധന, തുടര്‍ ചികിത്സ എന്നിവ ഉറപ്പുവരുത്തുമെന്ന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. കെ. മഹേഷ് അറിയിച്ചു. വാര്‍ഡ് അംഗം ബിന്ദു വള്ളില്‍, പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാല്‍, അസി. സെക്രട്ടറി വി. ശ്രീകല, പ്രോജക്ട് അസിസ്റ്റന്റ് സായന്ത് എന്നിവര്‍ സന്നിഹിതരായി.