പറപ്പൂക്കര പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവർക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റർ കുടിവെള്ളമെടുക്കാം. ആശുപത്രിക്ക് മുന്നിൽ വാട്ടർ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവിൽ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. ഇരിങ്ങാലക്കുട ബ്ലോക് പഞ്ചായത്ത് 2021-2022 വർഷത്തെ ജനകീയാസൂത്രണ വികസന പദ്ധതി വഴി 6 ലക്ഷം രൂപ ചിലവിട്ടാണ് പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാട്ടർ എടിഎം സ്ഥാപിച്ചത്.

റെയിൽവേ സ്റ്റേഷനിലും മറ്റു പല പൊതുസ്ഥലങ്ങളിലും ലഭ്യമായ സംവിധാനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ജനകീയാസൂത്രണ പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡൻറ് ഇ കെ അനൂപ് പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലിനുപകരം ജലം പാത്രത്തിലോ കുപ്പികളിലോ ആയി എടുക്കാൻ ആണ് പദ്ധതി നിർദേശിക്കുന്നത്. ആശുപത്രിയിൽ വരുന്ന രോഗികൾ, കൂട്ടിരിക്കുന്നവർ മുതൽ പൊതുജനങ്ങൾക്ക് വരെ വാട്ടർ എടിഎം ഉപകാരപ്രദമാകും. ടാങ്കിൽ നിന്നും ശുദ്ധീകരിച്ച് എടുത്ത കുടിവെള്ളം വാട്ടർ എടിഎം വഴി 24 മണിക്കൂറും ലഭ്യമാകും.

വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ കെ അനൂപ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാർത്തിക ജയൻ അധ്യക്ഷത വഹിച്ചു. വാർഡ് ജനപ്രതിനിധി കെ കെ രാജൻ, മെഡിക്കൽ ഓഫിസർ കെ കെ ശിവരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി വി സി, ആശുപത്രി അധികൃതർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.