*ജനുവരിയില്‍ പൂര്‍ത്തിയാകും

സംസ്ഥാന സര്‍ക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി നഗരസഭയുടെ മേല്‍നോട്ടത്തില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് നടക്കുന്ന കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തികളുടെ അറുപതു ശതമാനതിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി നഗരസഭ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി അറിയിച്ചു. കൊണ്ടോട്ടി നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ബസ്റ്റാന്‍ഡ് കെട്ടിടം നവീകരിക്കുന്നത്.

വിശാലമായ ഇരിപ്പിടങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായ വിശ്രമ മുറിയും മുലയൂട്ടല്‍ കേന്ദ്രവും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷികാര്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍, കോഫി ഹൗസ്, പൊലീസ് ഹെഡ് പോസ്റ്റ്, നഗരസഭയുടെ ഫ്രണ്ട് ഓഫീസ് എന്നിവ ഉള്‍പെടുത്തിയാണ് ബസ്സ്റ്റാന്‍ഡ് നവീകരിക്കുന്നത്. ഏറെ തിരക്കുള്ള ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്കും ബസുകള്‍ക്കും അസൗകര്യങ്ങളില്ലാതെയാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന ബസ്സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മികച്ച സൗകര്യങ്ങള്‍ ലഭ്യമാകും. രണ്ട് നിലകളിലായുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ മുകളിലെ നിലയിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിശ്രമമുറിയും കൈകുഞ്ഞുങ്ങളുമായെത്തുന്ന യാത്രക്കാര്‍ക്ക് മുലയൂട്ടലിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊണ്ടോട്ടി നഗരസഭയുടെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് മാറുന്നതോടെ ദൈനംദിനം വിവിധ ആവശ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമായി നഗരസഭയിലെത്തേണ്ടവര്‍ക്ക് ഈ സേവനം ഏറെ ഉപകാരപ്രദമാവും. ഇതോടൊപ്പം നഗരസഭയില്‍ അടക്കേണ്ട വിവിധ നികുതികളും അടക്കുന്നതിനുള്ള സൗകര്യവും ലഭ്യമാവും.നിലവില്‍ കെട്ടിടത്തില്‍ എസിപി വര്‍ക്കുകളും നിലത്ത് ടൈല്‍ പാകുന്ന പ്രവൃത്തികളുമാണ് പൂര്‍ത്തിയാവാനുള്ളത്. പെയിന്റിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജനുവരി അവസാനത്തോടെ പുതിയ മുഖഛായയില്‍ കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ് പൊതു ജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ അറിയിച്ചു. ബസ് സ്റ്റാന്‍ഡ്‌
നവീകരണ പ്രവൃത്തികള്‍ക്കൊപ്പം  ഈ സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ 10 ലക്ഷം രൂപ വകയിരുത്തി ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള ഡ്രൈനേജ് നവീകരണവും ബസ്സ്റ്റാന്‍ഡിന് പുറത്ത് പുതിയ കംഫര്‍ട്ട് സ്റ്റേഷനും നിര്‍മിക്കും. ഡ്രൈനേജ് പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ മഴക്കാലത്തെ വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകും.