സ്മാർട്ട് കരുത്തിൽ വില്ലേജ് ഓഫീസുകൾ

കാലങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കുടിയേറി താമസിക്കുന്ന അർഹരായ മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം, ജലവകുപ്പ്, പൊതുമരാമത്ത്, വനം, ഇലക്ട്രിസിറ്റി തുടങ്ങി വകുപ്പുകളുമായി മൂന്നാം ഘട്ട ചർച്ച അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. മുകുന്ദപുരം താലൂക്കിലെ കല്ലേറ്റുംകര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലുവർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അർഹതപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കുന്നതിന് നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും. ഡിജിറ്റലായി കേരളത്തെ അളക്കുക എന്ന വലിയ ദൗത്യത്തിന് നേതൃത്വം നൽകുകയാണ് റവന്യൂ വകുപ്പ് .ആ നേട്ടങ്ങളിലേക്കുളള പ്രവർത്തനങ്ങളുടെ കേന്ദ്രമാവുകയാണ് ഓരോ സ്മാർട്ട് വില്ലേജ് ഓഫീസുകളെന്നും മന്ത്രി പറഞ്ഞു.