പരിമിതികളെ മറികടന്ന് സാക്ഷരത മിഷന്റെ പ്ലസ് ടു തത്തുല്യ പരീക്ഷയിൽ മിന്നും വിജയം നേടി ഭിന്നശേഷിക്കാരനായ ഹബീബുള്ള. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരത മിഷൻ നടപ്പാക്കുന്ന പ്ലസ്ടു തത്തുല്യ പരീക്ഷ വിജയിച്ചാണ് കൊരട്ടിക്കര സ്വദേശി മാനാത്ത് എം ഇ ഹബീബുള്ള സമൂഹത്തിന് മാതൃകയാകുന്നത്.
അക്കിക്കാവ് ടി എം എച്ച് എസ് സ്കൂളിൽ 1996 ലാണ് ഹബീബുള്ള പത്താം ക്ലാസ് പഠനം പൂർത്തീകരിച്ചത്. അന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസം വിദ്യാലയത്തിൽ ഇല്ലാത്തതിനാലും പ്രതികൂല ജീവിതസാഹചര്യങ്ങളാലും തുടർ പഠനം സാധ്യമായില്ല. പിന്നീടാണ് സാക്ഷരത മിഷൻ ഹബീബുള്ളയുടെ ജീവിതത്തിൽ വെളിച്ചം പകർന്നത്.
കുന്നംകുളം ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ സാക്ഷരത മിഷന്റെ പ്ലസ് ടു കൊമേഴ്സ് 2020 ബാച്ചിലെ പഠിതാവായി. കോവിഡ് പ്രതിസന്ധിക്ക് ശേഷം മുടങ്ങാതെ എല്ലാ ക്ലാസിലും ഹാജരായി. നിരന്തരപരിശ്രമവും ആത്മവിശ്വാസവും കൊണ്ട് 2022 പരീക്ഷയിൽ മൂന്ന് എ പ്ലസ് നേടി മികച്ച വിജയം കാഴ്ചവച്ചു. പ്ലസ്ടു പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഉന്നത നിലവാരമുള്ള പഠനക്ലാസുകളുടെ ഭാഗമാകാനും സാധിച്ചത് സാക്ഷരതാ മിഷൻ വഴിയാണെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും ഹബീബുള്ള പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, ഹബീബുള്ളയ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി. കലക്ട്രേറ്റിലെ ആർഡിഒ വിഭാഗത്തിലെ താത്കാലിക ജീവനക്കാരൻ കൂടിയാണ് ഈ നാൽപ്പത്തിമൂന്നുകാരൻ. ബികോം പഠനം പൂർത്തീകരിക്കുകയാണ് ഹബീബുള്ളയുടെ അടുത്ത ലക്ഷ്യം. വെല്ലുവിളികളെ കാറ്റിൽ പറത്തി സർക്കാർ ജോലി നേടാനുള്ള പരിശ്രമത്തിലുമാണ്. ഏഴാം മാസത്തിൽ ബാധിച്ച പോളിയോ ഹബീബിനെ വീൽച്ചെയറിലാക്കിയെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് സാക്ഷരത മിഷനിലൂടെ മുന്നേറിയ ഹബീബുള്ള സമൂഹത്തിലെ ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് പ്രചോദനമാണ്. ഭാര്യ സുലൈഹ, മക്കളായ ബാസിത്ത്, ബാസിം, ബാസി ഖാൻ എന്നിവരടങ്ങുന്നതാണ് ഹബീബുള്ളയുടെ കുടുംബം. 2022 പ്ലസ് ടു ബാച്ചിൽ സാക്ഷരത മിഷനിലൂടെ 820 പേരാണ് പരീക്ഷയെഴുതിയത്. അതിൽ 740 പേരും വിജയികളായി.