സംരക്ഷിത വനങ്ങളുടെ അതിർത്തിയിലെ ഇക്കോ സെൻസിറ്റിവ് സോണുകൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇക്കോ സെൻസിറ്റിവ് സോണുകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള ഇളവ് ലഭ്യമാക്കുന്നതിനു സമർപ്പിക്കുന്നതിനായി തദ്ദേശവാസികളുടെ ആശങ്ക പരിഹരിച്ച് കുറ്റമറ്റ രീതിയിൽ വിവരശേഖരണം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സർക്കുലർ പുറപ്പെടുവിച്ചു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വനപ്രദേശത്തിന്റെ  അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലുള്ള ഭാഗവും അതിലുള്ള നിർമ്മിതികളും കേരള സർക്കാരിന്റെ വെബ് സൈറ്റിൽ ഇതിനോടകം പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളെയും നിർമ്മിതികളെയും ഒഴിവാക്കിക്കൊണ്ട് പൂജ്യം മുതൽ ഒരു കീലോമീറ്റർ പരിധിയിൽ സംരക്ഷിത വനത്തിന് ചുറ്റുമുള്ള ബഫർസോൺ ഭൂപടത്തിന്റെ കരട് (draft map) ഉൾക്കൊള്ളുന്ന റിപ്പോർട്ട് വനം-വന്യജീവി വകുപ്പ് ഇതിനകം തയാറാക്കിയിട്ടുണ്ട്. ഈ കരട് ഭൂപടവും കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കരട് ഭൂപടത്തിൽ ഏതൊക്കെ സർവേ നമ്പറുകൾ ഉൾപ്പെടുമെന്ന വിവരം ഒരാഴ്ചയോടെ വെബ് സൈറ്റിൽ ലഭ്യമാക്കും.

ജനവാസ കേന്ദ്രങ്ങളെയും നിർമ്മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് കരട്  ബഫർസോൺ ഭൂപടം വനം-വന്യജിവി വകുപ്പ് തയ്യാറാക്കിയിട്ടുള്ളത് എങ്കിലും ഈ ബഫർസോൺ പ്രദേശത്തിനകത്ത് ഏതെങ്കിലും ജനവാസ കേന്ദ്രമോ നിർമിതികളോ ഉൾപ്പെട്ടു വന്നിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ഇപ്രകാരം വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ 2023ജനുവരി 7 വരെ സമയം അനുവദിക്കും.

പൊതുജനങ്ങൾ സമർപ്പിക്കുന്ന വിവരങ്ങൾ ഫീൽഡ് തല പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/ നഗരസഭ വാർഡ് മെമ്പർ (അതായത് കരട് ബഫർസോൺ ഉൾപ്പെടുന്ന വാർഡിലെ മെമ്പർ), വനം – വന്യജീവി വകുപ്പ് ഉദ്യോഗസ്ഥ(ൻ),വില്ലേജ് ഓഫീസർ/ വില്ലേജ് ഓഫീസർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥ(ൻ),തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ  ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥ(ൻ) എന്നിവർ അടങ്ങുന്ന സമിതി രൂപീകരിക്കണം. ഇതുനുള്ള ചുമതല അതത് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാർ നിർവ്വഹിക്കണം.

ഫീൽഡ്തല വിലയിരുത്തൽ നടത്തി ഉറപ്പാക്കുന്ന വിവരങ്ങൾ ജിയോടാഗിംഗ് നടത്തി കേരള സ്‌റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ (KSREC) വികസിപ്പിച്ചിട്ടുള്ള മൊബൈൽ ആപ്പ് മുഖേന അപ്ലോഡ് ചെയ്യണം. ഈ നടപടിക്കായി സാങ്കേതിക പരിജ്ഞാനമുള്ള എൻജിനീയറിങ് കോളേജ്/polytechnicവിദ്യാർത്ഥികൾ, കുടുംബശ്രീ ഓക്‌സിലറി അംഗങ്ങൾ,സാങ്കേതിക വൈദഗ്ധ്യമുള്ള മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരെ സമിതിയുടെ ഭാഗമായി ഉൾപ്പെടുത്തണം.

വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരികരിക്കുന്നതിനും കരട് റിപ്പോർട്ടിൽ വിട്ടുപോയിട്ടുളള വിവരങ്ങൾ ഉൾപ്പെടുത്തുന്നതിലേക്കായി നിർദ്ദിഷ്ട പ്രൊഫോർമയിൽ വിവരങ്ങൾ ഇമെയിൽ മുഖേന സമർപ്പിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുമായി ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കുന്നത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം.

ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുറമെ,വിവരശേഖരണവുമായി ബന്ധപ്പെട്ട അതത് വാർഡുകളിൽ പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ സമീപിക്കുവാൻ കഴിയുന്ന തരത്തിലുളള സ്ഥലങ്ങളിലെ ഗ്രന്ഥശാലകൾ,ക്ലബുകൾ, കമ്മ്യൂണിറ്റി ഹാളുകൾ,അനുയോജ്യമായ കെട്ടിടങ്ങൾ,അംഗൻവാടികൾ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിക്കാം. ഉൾപ്രദേശങ്ങളിൽ പൊതുജനങ്ങളെ സഹായിക്കുന്നതിലേക്കായി ആവശ്യമെങ്കിൽ മൊബൈൽ ഹെൽപ്പ് ഡെസ്‌കുകളും ആരംഭിക്കാവുന്നതാണ്.

ജനവാസ കേന്ദ്രമോ ഏതെങ്കിലും നിർമിതികളോ ഉള്ള പ്രദേശം ബഫർസോൺ ഭൂപടത്തിനകത്ത് ഉൾപ്പെട്ടു വന്നിട്ടുണ്ടെങ്കിൽ ആ നിർമിതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കി വനം-വന്യജീവി വകുപ്പിന് അയച്ചു നൽകേണ്ടതുണ്ട്. നിയമപരമോ അല്ലാത്തതോ ആയ എല്ലാത്തരം നിർമ്മിതികളും ഇതിലേക്കായി പരിഗണിക്കണം. ഈ പ്രൊഫോർമ ഗ്രാമപഞ്ചായത്ത്/ നഗരസഭകളിലെ ഹെൽപ് ഡെസ്‌കിൽ നിന്നും കേരള സർക്കാരിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ പൂരിപ്പിച്ച് അത്eszexpertcommittee@gmail.comഎന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. പൂരിപ്പിച്ച പ്രൊഫോർമകൾ ഗ്രാമപഞ്ചായത്ത്/ നഗരസഭ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുള്ള ഹെൽപ്പ് ഡെസ്‌കുകൾ വഴിയും അയക്കാം. ഇതിനായുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. വ്യക്തികൾ പൂരിപ്പിച്ച് എൽപ്പിക്കുന്ന ഈ പ്രൊഫോർമകൾ field validationപൂർത്തിയായ ശേഷം മേൽപ്പറഞ്ഞ e mail id യിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി അയച്ചു നൽകേണ്ടതാണ്. ഇങ്ങനെ ലഭിക്കുന്ന ഒരു വിവരവും അയച്ചു നൽകാൻ വിട്ടുപോകുന്നില്ല എന്നും ഉറപ്പാക്കണം. അതിനായി ഒരു രജിസ്റ്റർ സൂക്ഷിക്കണം. ഓരോന്നും ലഭിച്ച തീയതിയും field validation പൂർത്തീകരിച്ച തീയതിയും e mail ചെയ്ത തീയതിയും സമയവും രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം. ഇതു കൂടാതെ സംഘടനകളും കൂട്ടായ്മകളും സമർപ്പിക്കുന്ന വിവരങ്ങൾ കൂടി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി സ്വീകരിച്ച് മേൽപറഞ്ഞ പ്രകാരം ലഭ്യമാക്കണം. ഒന്നിൽ കൂടുതൽ തദ്ദേശ ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാവുകയാണെങ്കിൽ മറ്റു തദ്ദേശസ്വയംഭരണസ്ഥാപനതല വിവരങ്ങൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ കൈമാറണം.

e mail ആയി വിദഗ്ധ സമിതിക്ക് ലഭിക്കുന്ന പ്രൊഫോർമ വിവരങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ച് പട്ടികപ്പെടുത്തി എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വനം-വന്യജീവി വകുപ്പ് ലഭ്യമാക്കും. ഈ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള വാർഡ്തല സമിതി ഇവ നേരിട്ട് പരിശോധിച്ച് സ്ഥിരീകരണം നടത്തി geo tagചെയ്യണം.

ഫീൽഡ്തല വിലയിരുത്തൽ നടത്തുന്ന വേളയിൽ മൊബൈൽ ആപ്പ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ലഭ്യമല്ല എങ്കിൽ ആയതു ലഭ്യമാകുന്ന പ്രദേശത്തു നിന്നും വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി ചുമതലപ്പെടുത്തുന്നവർക്ക് മൊബൈൽ ആപ്പ് ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിന് ബന്ധപ്പെട്ട വനംവകുപ്പ് ഓഫീസും കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ (KSREC) ഉം നടപടി സ്വീകരിക്കണം.

ജിയോടാഗിംഗ് നടത്തി മൊബൈൽ ആപ്പ് മുഖേന അധികവിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് തെരഞ്ഞെടുത്ത സാങ്കേതിക പരിജ്ഞാനമുള്ള വ്യക്തിയുടെ വിവരം അവർക്ക് പരിശീലനം ലഭ്യമാക്കുന്നതിലേക്കായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറേണ്ടതാണ്.

കരട് ഭൂപട പ്രകാരമുള്ള ബഫർ സോണുകളുടെ അതിര് ജനങ്ങൾക്ക് വ്യക്തമാക്കി നൽകുക, സർവ്വേ നമ്പർ ലഭ്യമാക്കുക, ആശങ്കകൾ ദൂരീകരിക്കുക, അധികവിവരം ആയി നൽകേണ്ട/ റിപ്പോർട്ട് ചെയ്യേണ്ട എല്ലാ വിവരങ്ങളുംexpert committee ക്ക് ഏതെങ്കിലും രീതിയിൽ e mail ചെയ്ത് നൽകി എന്നുറപ്പാക്കുക,സങ്കീർണതകളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ നടപടികൾ പൂർത്തിയാക്കുക എന്നീ ചുമതലകൾ കൂടി സമിതി നിർവഹിക്കണം. ഇതിനോടകം സമർപ്പിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ കൂടി വാർഡ്തല സമിതി പരിശോധിക്കേണ്ടതാണ്.

സർവ്വേ നമ്പർ അടങ്ങുന്ന ഭൂപടം ലഭ്യമാകുന്നതുവരെ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം പ്രദർശിപ്പിക്കുക, പഞ്ചായത്ത്/ നഗരസഭ വാർഡ്തല സമിതി രൂപീകരിച്ചുകൊണ്ട് ടെക്‌നിക്കൽ വോളന്റിയേഴ്‌സിന് പരിശീലനം ഏർപ്പെടുത്തുക, വനം വകുപ്പ് കൈമാറി നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫീർഡ്തല സ്ഥിരീകരണം നടത്തുക എന്നീ പ്രവർത്തനങ്ങളും ഹെൽപ്പ് ഡെസ്ക് ഏറ്റെടുക്കണം. പ്രൊഫോർമ പ്രകാരമുള്ള പുതിയ അപേക്ഷകൾ/ വിവരങ്ങൾ സർവ്വേ നമ്പർ ഉൾക്കൊള്ളുന്ന ഭൂപടം കിട്ടിയതിനുശേഷം സ്വീകരിച്ചാൽ മതിയാകും.

പ്രാദേശികമായ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കണം. ജില്ലാതല ഏകോപനം ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും (LSGD, Revenue, Forest and Wild Life)കൂട്ടിയോജിപ്പിച്ചു കൊണ്ട് ജില്ലാ കലക്ടർ നിർവഹിക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ബന്ധപ്പെട്ട ജില്ലകളിൽ ജില്ലാതലത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, ജില്ലാകളക്ടർ,തദ്ദേശസ്വയംഭരണവകുപ്പിലെയും റവന്യൂ വകുപ്പിലെയും വനം വകുപ്പിലെയും അനിവാര്യമായ മറ്റുവകുപ്പുകളിലെയും ജില്ലാ മേധാവികൾ എന്നിവർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് സമിതി രൂപീകരിച്ച് പ്രവർത്തിക്കണം.

പൊതുജനങ്ങൾക്ക് എന്ത് സംശയങ്ങളുണ്ടെങ്കിലും ചുമതലപ്പെട്ടവർ അതു ദൂരീകരിച്ച് നൽകാൻ ശ്രദ്ധിക്കണം. സംശയ ദൂരീകരണത്തിനുള്ള ജില്ലാതല സംവിധാനം, വനം-വന്യ ജീവി വകുപ്പുമായി ചേർന്ന് ജില്ലാ കളക്ടർ ഏർപ്പെടുത്തണം.

ജനവാസമേഖലകളെ ഒഴിവാക്കി ഇക്കോ സെൻസിറ്റീവ് സോണുകളെ നിശ്ചയിക്കുന്നതിലേക്കായി കൃത്യമായ വിവരങ്ങൾ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും,ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടിൽ വിട്ടുപോയിട്ടുള്ള വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനു അധിക വിവരങ്ങൾ സമർപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ചും ബന്ധപ്പെട്ട വാർഡുകളിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതാണ്. വാഹനങ്ങൾ ഉപയോഗിച്ച് മൊബൈൽ ഹെല്പ് ഡെസ്‌ക് സജ്ജമാക്കുന്നുണ്ടെങ്കിൽ ആയതിനൊപ്പം മൈക് അനൗൺസ്‌മെന്റ് ഉപയോഗിക്കാവുന്നതാണ്. വിവര വിനിമയത്തിന് കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താവുന്നതാണ്.

വിവരശേഖരണം,ഫീൽഡ്തല വിലയിരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ഒരു മാന്വൽ തയ്യാറാക്കി ബന്ധപ്പെട്ട തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങൾക്ക് കില ലഭ്യമാക്കേണ്ടതാണ്.

ഫീൽഡ്തല വാലിഡേഷൻ നടത്തി അപ് ലോഡ് ചെയ്യപ്പെട്ടും,അല്ലാതെയും ലഭിക്കുന്ന എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് വനം വകുപ്പ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ലഭ്യമാക്കേണ്ടതും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സർവകക്ഷി യോഗം ചേർന്ന് മാപ് പരിശോധിച്ച് എല്ലാ വിവരങ്ങളും ക്രോഡീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.

ഇത്തരത്തിൽ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രാദേശികതലത്തിലുള്ള അന്തിമ റിപ്പോർട്ട് വനം വകുപ്പിനു കൈമാറേണ്ടതാണ്.

മുകളിൽ പറഞ്ഞ അടിയന്തര പ്രവർത്തനങ്ങൾക്ക് ഓരോ വകുപ്പിനും ആവശ്യമായി വരുന്ന ചെലവുകൾ അതത് വകുപ്പുകൾ വഹിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അതത് സ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്ന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അനുമതിയോടെ അനിവാര്യമായ ചെലവുകൾക്കുള്ള തുക വിനിയോഗിക്കാവുന്നതാണ്. സന്നദ്ധ സേവനവും സംഭാവനകളും ഉപയോഗപ്പെടുത്താവുന്നതാണെന്നും സർക്കുലറിൽ പറയുന്നു.