കാര്‍ത്തികപ്പള്ളി താലൂക്കില്‍ ജില്ല കളക്ടറുടെ പൊതുജനപരാതിപരിഹാര അദാലത്ത് വേദിയില്‍ എത്തിയ തലവടി സ്വദേശിനി അശ്വതി അനില്‍കുമാറിന് രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്തിനാല്‍ നടക്കാനാവില്ല. വേദിയിലേക്ക് കയറാനാവാതെ അച്ഛന്റെയൊപ്പം ഓട്ടോറിക്ഷയില്‍ കാത്തിരിക്കുകയായിരുന്നു അശ്വതി. അശ്വതിയുടെ അവസ്ഥയറിഞ്ഞ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പുറത്തേക്ക് ഇറങ്ങി വന്നാണ് പരാതി ചോദിച്ചറിഞ്ഞത്.

32വയസ്സുള്ള അശ്വതിക്കും പ്രായമായ അച്ഛനും ജീവിക്കാനൊരു മാര്‍ഗം വേണം എന്നതായിരുന്നു ആവശ്യം. അശ്വതിയുടെ അമ്മ അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. മകള്‍ക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന് ജോലിക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അറിയിച്ചു.

പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുള്ള അശ്വതി വീട്ടില്‍ ഇരുന്ന് ചെയ്യാനാവുന്ന തൊഴിലാണ് അന്വേഷിക്കുന്നത്. വാടക വീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് സ്വന്തമായി വീട് ലഭ്യമാക്കാനും ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സഹായം നല്‍കാമെന്നും കളക്ടര്‍  ഉറപ്പ് നൽകി.